Skip to main content

ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനം 

സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ 

2019 സെപ്തംബര്‍ 5 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുതേണ്ടവര്‍ www.norkaroots.org ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2304885,2304882

 

ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനം 

ഓണക്കാലത്തെ വര്‍ദ്ധിച്ച പാല്‍ ഉപഭോഗവും, ആവശ്യകതയും കണക്കിലെടുത്ത്, പ്രത്യേക പാല്‍ പരിശോധന ലാബ് സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ ക്ഷീര വികസന വകുപ്പ്, ഗുണനിയന്ത്രണ ഓഫീസില്‍ പ്രവര്‍ത്തിക്കും. ഗുണമേന്‍മയുളള പാല്‍ ഉപയോഗം ഉറപ്പാക്കുന്നതിനും, അന്യ സംസ്ഥാനത്ത് നിന്നും കൊണ്ട് വന്ന് സംസ്ഥാനത്ത് വിപണനം ചെയ്യുന്ന വിവിധ പാക്കറ്റ് പാലുകളില്‍ മായം ചേര്‍ക്കല്‍, പാല്‍ അധിക സമയം കേടാകാതിരിക്കാന്‍ അവലംബിക്കുന്ന വിവിധ തടസമാര്‍ഗ്ഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുമാണ് പ്രത്യേക പരിശോധന ലാബ്. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് ഊര്‍ജിത പാല്‍ പരിശോധന പരിപാടി ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. പരിശോധനയ്ക്കായി പാല്‍ സാമ്പിളുകള്‍ കൊണ്ടുവരുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും, അല്ലാത്തവ കുറഞ്ഞത് 150 മി.ലി സാമ്പിള്‍ പാല്‍ എങ്കിലും കൊണ്ടു വരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

 

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ - 6 ന് 

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ ആറിന് നടത്തും. അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള കാമ്പസില്‍  നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ അയച്ച് പ്രവേശനപരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ആറിന് രാവിലെ 10 മണിക്ക് അക്കാദമി ഓഫീസില്‍ എത്തണം. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കാന്‍ തയ്യാറായി വരേണ്ടതാണ്. 

വിശദവിവരങ്ങള്‍ക്ക്: 0484-2422275, 2422068, 9868105355. 

വെബ്‌സൈറ്റ്: www.keralamediaacademy.org    

 

date