Skip to main content

ജില്ലയില്‍ 'ഓണവിപണി 2019' ഏഴ് മുതല്‍ 10 വരെ

 

ജില്ലാ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ 10 വരെ നടക്കുന്ന 'ഓണവിപണി 2019' ന്റെ ജില്ലാതല ഉദ്ഘാടനം ചെറിയ കോട്ടമൈതാനത്ത് എഴിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിക്കും. വി.എഫ്.പി.സി.കെ, എക്കോ ഷോപ്പുകള്‍, ആഴ്ചചന്തകള്‍, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, ബി.എല്‍.എഫ്.ഒ സര്‍ക്കാര്‍ ഫാമുകള്‍, ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ഓണവിപണി നടത്തുന്നത്. 

ഓണക്കാലത്ത് പ്രാദേശിക കര്‍ഷകരില്‍നിന്നും നാടന്‍ പച്ചക്കറികള്‍ സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പച്ചക്കറികള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക, വിപണിവില സ്ഥിരപ്പെടുത്തുക എന്നിവയാണ് ഓണവിപണിയുടെ ലക്ഷ്യം. ജില്ലയിലാകെ 112 ചന്തകളാണ് സംഘടിപ്പിക്കുന്നത്. ആവശ്യമായ പഴം, പച്ചക്കറികള്‍, മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ എന്നിവ ജില്ലയിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ചാണ് വിപണനം നടത്തുക. സംസ്ഥാനത്ത് ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സുതാര്യമായ രീതിയില്‍ ശേഖരിച്ച് ഹോര്‍ട്ടികോര്‍പ്പ് നല്‍കും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് പൊതുവിപണികളില്‍ നിന്നും ലഭിക്കുന്ന സംഭരണവിലയെക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുകയും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതുമാണ്. ഈ വര്‍ഷം 100 രൂപ വിലവരുന്ന പച്ചക്കറികള്‍ പ്രത്യേകമായി തയ്യാറാക്കി വിപണനം ചെയ്യുന്നുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഓണവിപണി ഒരുക്കിയിരിക്കുന്നത്. എല്ലാ കര്‍ഷകരും പൊതുജനങ്ങളും പരമാവധി ഓണവിപണി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date