Skip to main content

മരുതറോഡ് പരിസരത്തെ കാട്ടാനശല്യം: കോളര്‍ ഘടിപ്പിക്കാനും കുങ്കിയാനകളെ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും

 

മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വര്‍ധിക്കുന്ന കാട്ടാനശല്യത്തിനെതിരേ പ്രതിരോധ നടപടി ആലോചിക്കുന്നതിന് കര്‍ഷക പ്രതിനിധികളുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന യോഗത്തില്‍ ആക്രമണകാരികളായ കാട്ടാനകളെ കണ്ടെത്തി ഉള്‍ക്കാട്ടില്‍ വിടാനും റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. കൂടാതെ വയനാട്ടില്‍ നിന്നും കുങ്കിയാനകളെ കൊണ്ടുവരുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ അടിക്കാടുകള്‍ വെട്ടിതെളിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വാളയാര്‍ വനമേഖലകളില്‍ തിരിച്ചറിഞ്ഞ അപകടകാരികളായ 18 ആനകളെ തുരത്താന്‍ 24 മണിക്കൂറും വനപാലകരുടെ സേവനം ലഭ്യമാക്കും. ഫെന്‍സിങ് നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കും. ഇതിന് പുറമെ കാട്ടാനശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

അസി. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.പി കാര്‍ത്തിക, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അജിത് കെ.രാമന്‍, എ.ഡി.എം ടി.വിജയന്‍, വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പി.എ അനില്‍കുമാര്‍, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.ബി മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

date