Skip to main content

അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കും : അമിത് മീണ

 

 

അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം ഉല്‍പന്നങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കുവാനും സൗരോര്‍ജ്ജ ശീത സംഭരണിയിലൂടെ സാധിക്കും.

സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സതി അധ്യക്ഷത വഹിച്ചു. നാളികേരം, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവ കേടുകൂടാതെ സംരക്ഷിക്കുന്നത്തിന് അനുയോജ്യമായ രീതിയിലാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സുഭിക്ഷ നാളികേര ഉല്‍പ്പാദക കേന്ദ്രത്തില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതസംഭരണി അനെര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് മെട്രിക് ടണ്‍ ശേഷിയുള്ള സംഭരണിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അഞ്ച് എച്ച് പി കംപ്രസ്സര്‍ മോട്ടോര്‍, ആറ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകളില്‍ നിന്നുള്ള വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയുടെ അഭാവത്തിലും 30 മണിക്കൂര്‍ വരെ നിശ്ചിത താഴ്ന്ന ഊഷ്മാവ് നിലനിര്‍ത്താന്‍ സംഭരണിക്ക് സാധിക്കും. കാര്‍ഷിക വ്യവാസായിക മേഖലകള്‍ക്ക് ലാഭകരമാകുന്ന രീതിയില്‍ പദ്ധതി വ്യാപകമാക്കുവാനാണ് അനെര്‍ട്ട് ശ്രമിക്കുന്നത്. അനെര്‍ട്ടിന്റെ പദ്ധതി തുകയില്‍ നിന്നും 13.65 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോര്‍ജ്ജ ശീതസംഭരണി സ്ഥാപിച്ചിരിക്കുന്നത്.  

നൊച്ചാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അനീഷ് എസ് പ്രസാദ്, സുഭിക്ഷ ഡയറക്ടര്‍ ഇ.എം ലിജി, എം. കുഞ്ഞമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ഫോട്ടോ ജേര്‍ണലിസം കോഴ്സ് ;
സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

 

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  സെപ്റ്റംബര്‍ 30. ഫോണ്‍:  0484 2422275, 2422068.  

 

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം; സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന് 

 

 

 കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടത്തും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഒരു സ്‌ക്കൂളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് മത്സരത്തില്‍ പങ്കെടുക്കാം. മത്സരം നയിക്കുന്നത് പ്രശസ്ത ഗ്രാന്റ് മാസ്റ്റര്‍ ഡോ ജി.എസ്. പ്രദീപ് ആയിരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, സ്‌ക്കൂളിന് ഖാദി ബോര്‍ഡിന്റെ വജ്ര ജൂബിലി സ്മാരക എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും. 75 ശതമാനം പൊതു വിജ്ഞാനവും 25 ശതമാനം ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നതായിരിക്കും വിഷയം. താല്പര്യമുള്ള വിദ്യാലയങ്ങള്‍ സെപ്തംബര്‍ 28 ന് വൈകീട്ട് നാല് മണിക്കകംsecretary@kkvib.org,iokkvib@gmail.com,ioekkvib.org എന്നീ ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496133853, 9447271153, 049712471694.

 

 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

 

 

പട്ടികജാതി വികസന വകുപ്പും ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഹോട്ടല്‍ മാനേജ്മെന്റ് (ഫുഡ് ആന്റ് ബീവറേജസ്, ആറ് മാസം) കോഴ്സിലേക്ക് 17നും 35 നും വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍,സി യോഗ്യത ഉളളവര്‍ക്കും, ബാക്ക് ഓഫീസ് (രണ്ട് മാസം) കോഴ്സിലേക്ക് 20 നും 25 നും വയസ്സിനും ഇടയിലുളള ഡിഗ്രി പാസ്സ് ആയവര്‍ക്കും അപേക്ഷിക്കാം. ഒന്നര വര്‍ഷം നീളുന്ന സൗജന്യ ഏവിയേഷന്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ഏവിയേഷന്‍ മേഖലയില്‍ പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏയര്‍ ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര അംഗീകാരമുളള ഐ.എ.ടി.എ എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വ്വീസ് കോഴ്സ് സൗജന്യമായി നല്‍കും. അടൂരിലെ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോട്ടോയും ബയോഡാറ്റയും സഹിതം ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് സ്റ്റഡീസ്, ഗവ. ഐ,ടി.ഐക്ക് സമീപം, പുളിയര്‍മല, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ ഇന്ന് (സപ്തംബര്‍ 25) രാവിലെ 10 മണിക്ക് എത്തണം. ഫോണ്‍ - 0495 2370379 (എസ്.സി.ഡി.ഒ, ഓഫീസ്, കോഴിക്കോട്), 0496 3206062 (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), 7736147308 (ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് ബാക്ക് ഓഫീസ്), 8075524812 (ഏവിയേഷന്‍).

   

റേഷന്‍ കാര്‍ഡ് ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

 

 

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളില്‍ ഇതുവരെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഇന്നും നാളെയുമായി (സപ്തംബര്‍ 25, 26) തീയതികളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ക്യാമ്പ്. സെപ്തംബര്‍ 25 ന്  ബേപ്പൂര്‍ വില്ലേജ്- ബേപ്പൂര്‍ ബി.സി റോഡ് കമ്മ്യൂണിറ്റി ഹാള്‍, 26ന് ചെറുവണ്ണൂര്‍-നല്ലളം മോഡേണ്‍ ബസാര്‍ നഗരസഭ മേഖല കാര്യാലയം. കസബ നഗരം, പന്നിയങ്കര, വളയനാട്, കോട്ടൂളി( വാര്‍ഡ് നമ്പര്‍ 27) സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്)  കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതാത് സ്ഥലങ്ങളില്‍ എത്തണം.

date