Skip to main content
സംസ്ഥാന പട്ടികജാതി -പട്ടിക ഗോത്രവര്‍ഗ കമ്മീഷന്റെ നേതൃത്വത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച അദാലത്ത്.

പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ സമൂഹം ഒറ്റക്കെട്ടായി നേരിടണം: അദാലത്ത്

 

പട്ടികജാതി- പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ സംസ്ഥാന കമ്മീഷന്‍ ചെയര്‍മാന്‍  ബി.എസ്.മാവോജി പറഞ്ഞു. കമ്മീഷന്റെ നേതൃത്വത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പട്ടികജാതി വിഭാഗക്കാര്‍ അധിവസിക്കുന്ന പാലക്കാട് ജില്ലയില്‍  കമ്മീഷന്റെ നേതൃത്വത്തില്‍ രണ്ടാം പ്രാവശ്യമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട് പരാതികളുടെ എണ്ണം മൊത്തത്തില്‍ കുറവാണെങ്കിലും വിവിധ സേനകളിലും മറ്റും ഈ വിഭാഗങ്ങള്‍ക്ക് എതിരായുള്ള ജാതീയ അധിക്ഷേപങ്ങള്‍, വ്യക്തി ചൂഷണങ്ങള്‍ അടക്കമുള്ള പരാതികള്‍ ഉയര്‍ന്നതോതില്‍ ആണെന്ന് ചെയര്‍മാന്‍ പറഞ്ഞു.'

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശ്മശാന ഭൂമി തട്ടിയെടുക്കുന്നത് പോലെ മനുഷ്യത്വരഹിതമായ പല പ്രവര്‍ത്തികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഇത്തരം വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാരെ വ്യക്തിഹത്യ ചെയ്യുന്നതടക്കമുള്ള പ്രവണതകളും കൂടുതലായി ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത രീതിയിലുള്ള ഇത്തരം പ്രവണതകള്‍ക്കെതിരെ കമ്മീഷന്‍ കര്‍ശനനടപടി എടുക്കുമെന്നും കമ്മീഷനംഗം എസ്. അജയകുമാര്‍ പറഞ്ഞു. ഭവനം, ഭൂമി രജിസ്‌ട്രേഷന്‍, നിയമനങ്ങള്‍, വീട്ടുനമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച്, കുടിവെള്ള പൈപ്പ് കണക്ഷന്‍, വാണിജ്യ നികുതി ഒഴിവാക്കല്‍, തുടങ്ങിയ പരാതികളാണ് കൂടുതലായും അദാലത്തില്‍ പരിഗണിച്ചത്.

കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി, കമ്മീഷന്‍ അംഗങ്ങളായ  അഡ്വ. പി.ജെ. സിജ, മുന്‍ എം.പി.എസ്. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ബെഞ്ചുകളിലായാണ് കമ്മീഷന്‍  പരാതികള്‍ പരിഗണിച്ചത്. ഏകദേശം 200 ലധികം പരാതികളില്‍ തെളിവുസഹിതം ബന്ധപ്പെട്ട രേഖകളുമായി ഇരുകക്ഷികളോടും നേരിട്ട് ഹാജരാകാന്‍ അദാലത്തിനു മുന്നോടിയായി അറിയിച്ചിരുന്നു. ഇതുപ്രകാരം വിവിധ വകുപ്പ് ജില്ലാമേധാവികള്‍, സംഘടനാ നേതാക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍, സ്വകാര്യസ്ഥാപന മേധാവികള്‍ അടക്കം അദാലത്തില്‍ എത്തിയിരുന്നു. പോലീസ്, എക്‌സൈസ് അഗ്‌നിശമന തുടങ്ങിയ സേനാ വിഭാഗങ്ങള്‍, വനം, പഞ്ചായത്ത്, ഭക്ഷ്യ പൊതുവിതരണം, പൊതു വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ഭവന നിര്‍മ്മാണം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു. കൂടാതെ 40 ഓളം പുതിയ പരാതികളും അദാലത്തില്‍ സ്വീകരിച്ചു. ഇതിനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിരുന്നു.

 

date