Skip to main content
മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനവുമായി കളക്ടേഴ്സ് @ സ്‌കൂള്‍ ക്യാമ്പയിന് തുടക്കമായി

മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനവുമായി കളക്ടേഴ്സ് @ സ്‌കൂള്‍ ക്യാമ്പയിന് തുടക്കമായി

 

വിദ്യാര്‍ഥികളില്‍ വൃത്തി-ശുചിത്വം-സംസ്‌കാരം രൂപപ്പെടുത്തി മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിന് അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തരീതികള്‍ രൂപപ്പെടുത്തുന്നതിനായി ശുചിത്വമിഷന്‍- ഹരിതകേരളം മിഷന്‍ നേതൃത്വത്തില്‍ പി.എം.ജി. എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച  കളക്ടേഴ്സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം  ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിച്ചു. വളര്‍ന്ന് വരുന്ന തലമുറ പാഠ്യപാഠേതര വിഷയങ്ങള്‍ക്ക് പുറമെ മാലിന്യ സംസ്്ക്കരണത്തിലും ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കലക്ടര്‍ പറഞ്ഞു. മാലിന്യ സംസ്‌ക്കരണം കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ആയതിനാല്‍ വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌ക്കരണ ശീലം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും  വിദ്യാര്‍ഥികളുടെ ഇടപെടലിലൂടെ മാലിന്യം തരംതിരിച്ച് കൈമാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച സന്ദേശങ്ങള്‍ വീടുകളില്‍ എത്തിക്കുകയും പദ്ധതി ലക്ഷ്യമാണ്.

ഹരിതകേരളം മിഷന്‍ ശുചിത്വ മാലിന്യ സംസ്‌ക്കരണ  പ്രവര്‍ത്തന രീതിയില്‍ വിദ്യാര്‍ഥികളിലൂടെ വീടുകളിലേക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും ശുചിത്വ സംസ്‌ക്കാരം പദ്ധതി പ്രചരിപ്പിക്കും. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നാല് തരം മാലിന്യ വസ്തുക്കള്‍ സംഭരിക്കുന്നതിനുള്ള പെറ്റ് ബോട്ടില്‍, ഹാന്‍ഡ് ബോട്ടില്‍സ്, പാല്‍ കവര്‍, പേപ്പര്‍ എന്നിവ ശേഖരിക്കുന്നതിന് മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റ് ബിനുകള്‍ സ്ഥാപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ലീല അധ്യക്ഷയായ പരിപാടിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ എം. സാഹിദ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനിത, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍,  ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബെനില ബ്രൂണോ, പി.എം.ജി. എച്ച്.എസ്.എസ്. പ്രധാനാധ്യാപകന്‍ സൈജു, പി.ടി.എ. പ്രസിഡന്റ് വിനോദ് കൈനാട്ട്, പി. അനൂപ്, ദീപക് വര്‍മ്മ, അരുണ്‍രാജ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ(2): പി.എം.ജി. എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച  കളക്ടേഴ്സ് @ സ്‌കൂള്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സംസാരിക്കുന്നു.

date