Skip to main content

റവന്യൂ മന്ത്രി ഇന്നും നാളെയും ജില്ലയില്‍

 

 

ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്ന് (സെപ്റ്റംബര്‍ 26) ജില്ലയിലെത്തും. ഇന്ന് (സെപ്റ്റംബര്‍ 26) വൈകീട്ട് മൂന്നിന് തൃത്താല വില്ലേജ് ഓഫീസ് ഉദ്ഘാടനം, നാലിന് ആനക്കര വില്ലേജ് സ്റ്റാഫ് ക്വാട്ടേര്‍സ് കെട്ടിടോദ്ഘാടനം, അഞ്ചിന് ഓങ്ങലൂര്‍ 2 വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും.

റവന്യൂവകുപ്പില്‍ നിന്ന് 40 ലക്ഷം അനുവദിച്ചാണ് തൃത്താല, ഓങ്ങലൂര്‍, കോങ്ങാട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. പട്ടാമ്പി നിയോജക മണ്ഡലത്തില്‍  ആദ്യഘട്ടത്തില്‍ ഓങ്ങല്ലൂര്‍ 2 വില്ലേജ്  ഓഫീസാണ് സ്മാര്‍ട്ടാകാന്‍ തെരഞ്ഞെടുത്തത്. 1900 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായാണ്  നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുതിയ ഓഫീസില്‍ സൗകര്യപ്രദമായ ഓഫീസ് മുറികള്‍, ഹെല്‍പ് ഡെസ്‌ക്, പൊതുജനങ്ങള്‍ക്ക് ഇരിപ്പിടങ്ങളൊരുക്കിയ ഹാള്‍, രേഖകള്‍ സൂക്ഷിക്കാനുള്ള മുറി, ഫോമുകള്‍ പൂരിപ്പിക്കുന്നതിനുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

തൃത്താലയിലെ പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. വി.ടി ബല്‍റാം എം.എല്‍.എ അധ്യക്ഷനാവും. ഓങ്ങലൂരില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാവും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാവും. പരിപാടികളില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എ.ഡി.എം ടി. വിജയന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം  പുഷ്പജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം മുഹമ്മദലി മാസ്റ്റര്‍, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാര്‍ പറമ്പില്‍, പഞ്ചായത്ത് അംഗങ്ങള്‍, നിര്‍മിതി പ്രോജക്ട് എന്‍ജിനീയര്‍ കെ.ഗിരീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

സെപ്തംബര്‍ 27 ന് ഉച്ചയ്ക്ക് 12 ന് കോങ്ങാട് 2 വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം, 12.30 ന് കോങ്ങാട് മൃഗാശുപത്രി കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് തിരുവനന്തപുരത്തേക്ക് തിരിക്കും.

date