Skip to main content

മൂഴാപ്പാലം പുതുക്കിപ്പണിയല്‍ 1.4 കോടിയുടെ ഭരണാനുമതി

 

 

മാവൂര്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂഴാപ്പാലം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

        

കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അടിഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം അപകടാവസ്ഥയിലായിരുന്നു. ബസ് റൂട്ടുള്ള ഈ പാലം പി.സി ദാമോദരന്‍ നമ്പൂതിരി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുകയും പിന്നീട് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ്.      

        

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ അറിയിച്ചു.

 

 

 

ട്രായ് ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

 

 

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ബാംഗ്ലൂര്‍ റിജ്യണല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 

 

പരിപാടിയില്‍ ട്രായിയുടെ പങ്ക്, പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായ് ട്രായ് സ്വീകരിച്ച നടപടികള്‍, ഉപഭോക്താക്കള്‍ക്കുല്യമായ അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് വിശദീകരിച്ചു. മൊബൈല്‍ സേവനദാതാവിനെ മാറ്റല്‍, അനാവശ്യമായ വാണിജ്യ സംബന്ധമായ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയുടെ നിയന്ത്രണം ,പരാതി പരിഹരിക്കുന്നതിനായുള്ള പ്രക്രിയ എന്നിവയെ സംബന്ധിച്ചുള്ള ട്രായിയുടെ നിയമങ്ങള്‍ പ്രത്യേകമം വിശദീകരിച്ചു. ടെലിഫോണ്‍ വിളികളുടെ ഗുണനിലവാരം, ഡേറ്റാ സ്പീഡ് എന്നിവയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ സ്വീകരിക്കുവാനായി ട്രായ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പുകള്‍( trai my speed app, trai my call app) പ്രയോജന പ്പെടുത്തണമെന്നും ട്രായ് അധികൃതര്‍ അറിയിച്ചു. 

 

ട്രായ് അഡ് വൈസര്‍ എസ് എസ് ഗല്‍ഗലി, ജോയിന്റ് അഡ് വൈസര്‍ കെ ചന്ദ്രചൂഡന്‍ എന്നിവര്‍ സംസാരിച്ചു. ട്രായ് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ കെ മുരളീധര , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍, സേവന ദാതാക്കള്‍, ഉപഭോക്ത സംഘടനകള്‍,  വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

വയോജന സൗഹൃദ അദാലത്ത്:  86 പരാതികള്‍ പരിഗണിച്ചു

 

   

വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കായി കോഴിക്കോട് കോര്‍പ്പറേഷന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ടാഗോർ സെന്റിനറി ഹാളിൽ  നടത്തിയ അദാലത്തില്‍ 86 പരാതികള്‍ പരിഗണിച്ചു.

 

 മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു മേയര്‍ പറഞ്ഞു. നഗരസഭ വയോജന സൗഹൃദമാണ്.  

കഴിഞ്ഞ തവണ നടത്തിയ അദാലത്തിലൂടെ നിരവധി പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ സബ് ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 

 

15 പരാതികള്‍ കോര്‍പ്പറേഷന്‍, പഞ്ചായത്ത്, നഗരസഭ പരിധികളിലെ പെൻഷൻ വിതരണം,  പുരയിടങ്ങളിലെ  മരം മുറിക്കൽ  തുടങ്ങിയവ സംബന്ധിച്ചായിരുന്നു, ഇതില്‍ അഞ്ച് പരാതികള്‍ക്ക് പരിഹാരമായി. ബാക്കി പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് ഭൂമി തർക്കം, പട്ടയം എന്നിവയിൽ ആറ് പരാതികളും സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് നാല് പരാതികളും പരിഗണിച്ചു. മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു. വയോജനങ്ങളുടെ സംരക്ഷണം, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളാണ് അധികവും ലഭിച്ചത്. മുന്‍കൂട്ടി ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.

 

 ക്ഷേമകാര്യ സമിതി സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍ കുമാര്‍, റിട്ട. ജില്ലാ ജഡ്ജ് കൃഷ്ണന്‍ കുട്ടി, കോര്‍പ്പറേഷന്‍ വയോജന അപ്പെക്സ് കമ്മിറ്റി പ്രസിഡന്റ് ടി ദേവി, സെക്രട്ടറി കെ.കെ.സി. പിള്ള, വയോമിത്രം കോര്‍ഡിനേറ്റര്‍ കെ. സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

date