Skip to main content

അട്ടപ്പാടി സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'സെളിമെ കാല' വിദ്യാഭ്യാസമന്ത്രി ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും.

 

അട്ടപ്പാടിയിലെ സമഗ്ര വിദ്യാഭ്യാസ വികസനത്തിനായി വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തുന്ന സെളിമെ കാല (സമൃദ്ധിയുടെ കാലം) പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. അഗളി ഗവ. എല്‍.പി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ അഗളി ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ അഗളി ജി.എല്‍.പി. സ്‌കൂളില്‍  ഗോത്ര ചരിത്രവും സംസ്‌കാരവും ആലേഖനം ചെയ്യല്‍,  ഗോത്രഭാഷാ സഹായ പുസ്തകം പ്രസിദ്ധീകരിക്കല്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കും. ഭാവിയില്‍ അട്ടപ്പാടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തിനായുള്ള സെമിനാറും സംഘടിപ്പിക്കും.

ഗോത്രഭാഷമാത്രം സംസാരിക്കുന്ന ആദിവാസി ഊരുകളില്‍നിന്ന് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലെ പാഠഭാഗങ്ങള്‍ അറിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയും ഗോത്രഭാഷ വഴങ്ങാത്ത അധ്യാപകര്‍ക്ക് കുട്ടികളെ സഹായിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  ആദിവാസി ശിശുസൗഹൃദ വിദ്യാലയമാണ് പദ്ധതിയുടെ ലക്ഷ്യം.

മണ്ണാര്‍ക്കാട് എം.എല്‍.എ. അഡ്വ. എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനാവും. അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ജെറോമിക് ജോര്‍ജ് മുഖ്യാതിഥിയാവുന്ന പരിപാടിയില്‍ സമഗ്രശിക്ഷ സംസ്ഥാന പ്രൊജക്ട ഡയറക്ടര്‍ എ.പി. കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തും. സെളിമെ കാല പദ്ധതിക്ക് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, സമഗ്രശിക്ഷ പാലക്കാട് ഡി. പി.സി. എം. ജയരാജന്‍, ജില്ലാ പഞ്ചായത്തംഗം സി.രാധാകൃഷ്ണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോതി അനില്‍കുമാര്‍, അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

date