Skip to main content

അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരത പദ്ധതി: വിദ്യാഭ്യാസ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

 

ആദിവാസി വിഭാഗത്തിലെ നിരക്ഷരത പൂര്‍ണ്ണമായും ഇല്ലാതാക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന അട്ടപ്പാടി സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ 11 ന് അഗളി ഇ.എം.എസ്.ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.  സര്‍ക്കാരിന്റെയും സാക്ഷരതാമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  അട്ടപ്പാടി മേഖലയില്‍ ആരംഭിച്ച സാക്ഷരതാ പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി  3670 പേരെ സാക്ഷരരാക്കാന്‍  സാധിച്ചു.  മൂന്നാം ഘട്ട സാക്ഷരതാ പ്രവര്‍ത്തനം ഫലപ്രദമായി നടന്നുവരുകയും ഒക്ടോബര്‍ മാസം നടത്തുന്ന സമഗ്ര ജനകീയ സര്‍വേയിലൂടെ കണ്ടെത്തുന്ന പഠിതാക്കള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിച്ച് 2020 ഏപ്രിലോടെ സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി ബ്ലോക്ക് പഞ്ചായത്തായി അട്ടപ്പാടിയെ പ്രഖ്യാപിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മണ്ണാര്‍ക്കാട് എം.എല്‍.എ. അഡ്വ. എന്‍ ഷംസുദ്ദീന്‍ പരിപാടിയില്‍ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി , സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല,  ജില്ലാ കലക്ടര്‍  ഡി.ബാലമുരളി,  അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍. സംസ്ഥാന പ്രോജക്റ്റ് കോഡിനേറ്റര്‍ ഇ.വി. അനില്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ കോഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍,  ജനപ്രതിനിധികള്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും

date