Skip to main content

ഭരണാനുമതി ലഭിച്ചു

 

കുന്ദമംഗലം ഗവ. കോളജിന് കോംപൗണ്ട് വാള്‍ നിര്‍മ്മിക്കാന്‍ 2.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
          
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് റൂമുകള്‍ തിരിച്ചത്. കോളജില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ എടുക്കുന്നതിനുള്ള തുകയും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്.
          
2018-19 ബഡ്ജറ്റില്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആയതിന്റെ ഭരണാനുമതിക്കുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി കരാര്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിരിക്കയാണ്.
          
ഇപ്പോള്‍ 261 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളുമടക്കം 349 വിദ്യാര്‍ത്ഥികളാണ് കോളജില്‍ പഠിച്ചുവരുന്നത്. ബി-കോം വിത് ഫിനാന്‍സ്, ബി.എ ഡെവലപ്മെന്റ് ഇക്കണോമിക്സ് വിത് ഫണ്ടമെന്റല്‍സ് ഓഫ് ഫോറിന്‍ ട്രേഡ് & ബേസിക് ഇകണോമിക് മെത്തേഡ്സ്, ബി.എ ഇംഗ്ലീഷ് വിത് ജേണലിസം & പബ്ലിക് റിലേഷന്‍ എന്നീ കോഴ്സുകളാണ് കോളജില്‍ നിലവിലുള്ളത്.
          
2014ല്‍ ആരംഭിച്ച കോളജ് തുടക്കത്തില്‍ ആര്‍.ഇ.സി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് വേണ്ടി എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് പുതിയ ക്യാമ്പസിലേക്ക് കോളജ് മാറ്റുന്നത്. കോളജില്‍ നിലവില്‍ അദ്ധ്യാപകര്‍ ഉള്‍പ്പെടെ 23 സ്ഥിരം ജീവനക്കാരും 9 താല്‍ക്കാലിക ജീവനക്കാരുമുണ്ട്.
          
കോളജില്‍ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപയും ആധുനിക ടര്‍ഫ് നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിട സൗകര്യങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ തൊഴില്‍ സാദ്ധ്യത കൂടുതലുള്ള പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

 

വ്യവസായ സംരംഭകത്വ ക്ലബ്ബ്  ഉദ്ഘാടനം

 

 

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ജനകീയാസൂത്രണം 2019 -20 പദ്ധതിയിലുൾപ്പെടുത്തി രൂപികരിച്ച വ്യവസായ സംരംഭകത്വ ക്ലബ്ബ് ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ എ ബാബുരാജ് നിർവ്വഹിച്ചു. കോഴിക്കോട് നഗരസഭ പരിധിയിലെ നിലവിലുള്ള വ്യവസായ സംരംഭകരെയും പുതുതായി സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ളവരെയും അംഗങ്ങളാക്കിയാണ് വ്യവസായ സംരംഭകത്വ ക്ലബ്ബ് രൂപീകരിച്ചത്.

ക്ലബ്ബിലൂടെ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാവും. ഇതിനു പുറമേ നേരത്തെ സംരംഭമുള്ളവർക്ക് അത് വിപുലീകരിക്കാനാവശ്യമായ സംവിധാനവും ക്ലബ്ബ് മുഖേന ഒരുക്കും. പുത്തൻ സംരംഭം തുടങ്ങുന്നവർക്ക് ആവശ്യമായ ലൈസൻസ്, സ്വയം തൊഴിൽ പദ്ധതികൾ, വ്യവസായ വകുപ്പിന്റെ പദ്ധതികൾ, ധനകാര്യ സാക്ഷരത എന്നിവയെ കുറിച്ചെല്ലാം പരിചയപ്പെടുത്തി. 100 ഓളം പേരാണ്  പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാവും ക്ലബ്ബിൽ അംഗമാവുക. 

നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെറുകിട വ്യവസായ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം കുഞ്ഞാമുട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ രാജീവ് വിഷയാവതരണം നടത്തി. കൗൺസിലർമാരായ പി കിഷൻചന്ദ്, നമ്പിടി നാരായണൻ, എൻ പി പത്മനാഭൻ, വ്യവസായ വികസന ഓഫീസർ പി ജി നന്ദകുമാർ, കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മുഹമ്മദ് നയീം എന്നിവർ സംസാരിച്ചു.

സംരംകത്വത്തിന്റെ നൂതന ആശയങ്ങളും രീതികളും, കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ ആക്ട് എന്നീ വിഷയങ്ങളിൽ ഈ വ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി അഭയൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി എസ് മിഥുൻ  ആനന്ദ് എന്നിവർ സംസാരിച്ചു.

 

 സര്‍വ്വേയര്‍മാരെ നിയമിക്കും 

 

ജില്ലയിലെ വിവിധ മാസ്റ്റര്‍പ്ലാന്‍, റോഡ് അലൈന്‍മെന്റ്, വിശദ നഗരാസൂത്രണ പദ്ധതികള്‍  എന്നിവ തയ്യാറാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വയര്‍മാരെ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ  ഒക്ടോബര്‍  മൂന്നിന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള റീജിയണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ രാവിലെ 11 മണിക്ക് നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  ശരിപകര്‍പ്പ് എന്നിവയുമായി ഹാജരാകണം. യോഗ്യത : ഐ.ടി.ഐ-ഡ്രാഫ്റ്റ്മാന്‍ സിവില്‍/ സര്‍വേയര്‍ അല്ലെങ്കില്‍ തത്തുല്യം. ഫോണ്‍:  0495 2369300.

 

സ്‌പോട്ട് അഡ്മിഷന്‍ 

 

സ്‌കില്‍ അപ്ഗ്രഡേഷന്‍  ട്രെയിനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട്  നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന ഓട്ടോ ഇലക്ട്രീഷ്യന്‍ കോഴ്‌സിലേക്ക് സെപ്തംബര്‍ 27 മുതല്‍ ഒക്‌ടോബര്‍ മൂന്ന് വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഐ.ടി.ഐ, എംഎംവി/എംഡി/സിഒഇ കോഴ്‌സ് പൂര്‍ത്തിയായവര്‍, എസ്എസ്എല്‍സി (ഓട്ടോമൊബൈല്‍ ഫീല്‍ഡില്‍ പരിചയം) യോഗ്യതയുള്ള ട്രെയിനികള്‍ക്ക് പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495  2377016.

 

 സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു- ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പദ്ധതിയുടെ അംഗീകൃത തൊഴില്‍പരിശീലന ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ട ടെക്‌നോ വേള്‍ഡ് ഐടി യൂണിറ്റിലാണ് പരിശീലനം. ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി, റീട്ടെയില്‍ സെയില്‍സ് & സര്‍വീസ് എന്നീ മേഖലകളിലാണ് പരിശീലനം ലഭ്യമാക്കുക. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കും. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും, പട്ടികവര്‍ഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അതത് പഞ്ചായത്ത് സിഡിഎസുകളില്‍ ബന്ധപ്പെടുക.

വഖഫ് ട്രൈബ്യൂണല്‍ സിറ്റിംഗ് 
 

കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിംഗ് ഒക്ടോബര്‍ 15, 16 തീയതികളില്‍ എറണാകുളം കലൂരിലുള്ള കേരള വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കും.

date