Skip to main content

ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് 1.30 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു; മന്ത്രി ടി പി രാമകൃഷ്ണന്‍

 

ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,30,375 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും ജെ.കെ സിമന്റ്‌സ് നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണം മുടങ്ങിക്കിടന്ന 51,643 വീടുകളും പുതുതായി 78,732 വീടുകളുമാണ് നിര്‍മ്മിച്ചത്. ഭൂഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭവനസമുച്ചയം നിര്‍മ്മിക്കുന്ന മൂന്നാംഘട്ടത്തിലേക്ക് ലൈഫ് പദ്ധതി കടന്നിരിക്കുകയാണ്. ഇടുക്കിയിലെ അടിമാലിയില്‍ പൂര്‍ത്തിയാക്കിയ ആദ്യ ഭവനസമുച്ചയം ഗുണഭോക്താക്കള്‍ക്ക് കൈമാറികഴിഞ്ഞു. എല്ലാ ജില്ലയിലും ഇത്തരത്തില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കും.

വികസനമെന്നത് സമൂഹത്തിന്റ അടിത്തട്ടില്‍ വരെയെത്തുന്ന പ്രക്രിയയാകണം. നാടിന്റ വികസന പ്രക്രിയയില്‍ നിന്ന് ഒരു വ്യക്തിപോലും പുറത്താകാത്തവിധം സര്‍വതല സ്പര്‍ശിയായ വികസനമാണ്  സര്‍ക്കര്‍ ലക്ഷ്യമിടുന്നത്. പ്രഖ്യാപനങ്ങള്‍ നടത്തുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും മാത്രമല്ല അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സര്‍ക്കാറാണിത്. അത് ജനങ്ങള്‍ അനുഭവത്തിലൂടെ മനസിലാക്കികൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടു വര്‍ഷമുണ്ടായ പ്രളയവും പ്രകൃതിക്ഷോഭവും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. ഈ ദുരന്തങ്ങളെ അതിജീവിച്ച് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഏത് പ്രളയത്തെയും നേരിടാനും നാടിനെ വീണ്ടെടുക്കാനും കഴിവുള്ളവരാണ് കേരളീയരെന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കട്ടിപ്പാറ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 131 വീടുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ 112 വീടുകളുടെ താക്കോല്‍ദാനമാണ് ചടങ്ങില്‍ നടന്നത്. ചുണ്ടന്‍കുഴി ബീന ബാബുവിന് താക്കോല്‍ കൈമാറി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഉരുള്‍പൊട്ടല്‍ നാശം വിതച്ചവര്‍ക്ക് എന്റര്‍പ്രണര്‍ ഓര്‍ഗനൈസേഷന്‍ കേരളയുടെ സഹകരണത്തോടെ ജെ.കെ സിമന്റ്‌സ് 20 വീടുകളാണ് കട്ടിപ്പാറയില്‍ നിര്‍മ്മിക്കുന്നത്. 12-ാം വാര്‍ഡില്‍ ഇരുള്‍കുന്നില്‍ വിലക്കെടുത്ത ഒരേക്കര്‍ ആറ് സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണ് വീടുകളുടെ നിര്‍മ്മാണ രൂപകല്‍പ്പന സൗജന്യമായി നിര്‍വഹിച്ചത്.

കട്ടിപ്പാറ ടൗണില്‍ നടന്ന ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറപഞ്ചായത്ത് സെക്രട്ടറി എംഎ റഷീദ്, എന്റര്‍പ്രണര്‍ ഓര്‍ഗനൈസേഷന്‍ കേരള പ്രസിഡന്റ് വിനയ് ജെയിംസ് കൈനടി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ.കെ സിമന്റ്‌സിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ്  ലളിത് ഖന്നയും അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുള്ള ഉപഹാരം ആര്‍ക്കിടെക്ട് വിനോദ് സിറിയകും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനില്‍ നിന്ന് ഏറ്റുവാങ്ങി.

താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്‌റഫീഖ്, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ മദാരി ജുബൈരിയ, ബേബി ബാബു, പി സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല ഒ കെ എം കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ കെവി അബ്ദുള്‍ അസീസ്, ടിപി മുഹമ്മദ് ഷാഹിം, വത്സല കനകദാസ്, പഞ്ചായത്ത് ആസുത്രണ സമിതി ഉപാധ്യക്ഷന്‍ കെ ആര്‍ രാജന്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, വിനീത് എബ്രഹാം, ആര്‍ പി ഭാസ്‌ക്കരന്‍, ടി എം പൗലോസ്, എ ടി ഹാരിസ്, ഷാന്‍ കട്ടിപ്പാറ, കെ വി സെബാസ്റ്റ്യ്ന്‍, കരീം പുതുപ്പാടി, കണ്ടിയില്‍ മുഹമ്മദ്, ആര്‍ കെ അബ്ദുല്‍മജീദ് മാസ്റ്റര്‍, നാസര്‍ഫൈസ് കൂടത്തായി, സലിം പുല്ലടി, പി സി സെയ്തൂട്ടിഹാജി, സി കെ എ ഷമീര്‍ബാവ എന്നിവര്‍ സംസാരിച്ചു.

 

കൈയേറിയ ഭൂമി ഒഴിപ്പിച്ചു

 

കോഴിക്കോട് --ബാലുശ്ശേരി റോഡിൽ ചേളന്നൂർ വില്ലേജിൽ റീസർവ്വേ 9/1, 9 /2 പെട്ട പൊതുമരാമത്ത് ഭൂമി കൈയേറി എ കെ അനിൽകുമാർ എന്ന വ്യക്തി നടത്തിയ അനധികൃത നിർമ്മാണം റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു. പൊതുമരാമത്ത് ഭൂമി കൈയേറി അനിൽകുമാർ നിർമ്മിച്ച കടയുടെ ഭാഗമാണ് ഒഴിപ്പിച്ചത്.

 

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി 4, 5 തീയതികളില്‍

2020 പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപകല്പ്പന ചെയ്ത ഇലക്‌ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ഇവിപി) മിന്റെ ഭാഗമായി കോഴിക്കോട് താലൂക്ക് ഇലക്ഷന്‍ വിഭാഗം മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  കോഴിക്കോട് താലൂക്കിനു കീഴിലുള്ള എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഒക്ടോബര്‍ നാല്, അഞ്ച് തിയ്യതികളിലായി സിവില്‍സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ്  പരിശീലനം.  പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നെറ്റ്കണക്ഷനോടുകൂടിയ സ്മാര്‍ട്ട് ഫോണുകളുള്ളത് അഭികാമ്യമായിരിക്കും.  താലൂക്കിന് കീഴിലുള്ള എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ഇതൊരറിയിപ്പായി കണ്ട് യോഗത്തില്‍ കൃത്യസമയത്ത് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ടറല് രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. മണ്ഡലം, തീയതി, സമയം എന്നീ ക്രമത്തില്‍ : 026- എലത്തൂര്‍ മണ്ഡലം -ഒക്‌ടോബര്‍ നാലിന് രാവിലെ 10.30 ന്; 027 കോഴിക്കോട് നോര്‍ത്ത് മണ്ഡലം    --ഒക്‌ടോബര്‍ നാലിന് ഉച്ച  2.30 ന്, 029  -- കോഴിക്കോട് സൗത്ത് മണ്ഡലം ഒക്‌ടോബര്‍ 4 വൈകീട്ട് 3.30ന് ബേപ്പൂര്‍ - ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10.30 ന്, 030 കുന്ദമംഗലം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 11.30 മണിക്ക്. 

 

അപേക്ഷ ക്ഷണിച്ചു

 

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, എസ്.സി.യുവതികള്‍ക്ക് വാദ്യോപകരണം, എസ്.സി. യുവതികള്‍ക്ക് ഓട്ടോറിക്ഷ, എസ്.സി.യുവതികള്‍ക്ക്  സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന  തൊഴില്‍ പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ മുഖേന മത്സര പരീക്ഷയ്ക്കുള്ള പരിശീലനം എന്നീ പ്രൊജക്ടുകളിലേക്ക് അതത് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ ജാതി, വരുമാനം തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്:- 0495 2370379.

 

 

ഹോര്‍ട്ടികോര്‍പ്പ്
വടകര മേഖല സബ്‌സെന്റര്‍ ഉദ്ഘാടനവും സെമിനാറും

 

 

ഹോര്‍ട്ടികോര്‍പ്പിന്റെ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തനമാരംഭിക്കുന്ന വടകര മേഖല സബ് സെന്ററിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ നാലിന് രാവിലെ ഒന്‍പത് മണിയ്ക്ക് കുറ്റ്യാടി എം. എല്‍. എ പാറക്കല്‍ അബ്ദുളളയുടെ അദ്ധ്യക്ഷതയില്‍ കൃഷിമന്ത്രി വി. എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും.  
ഉദ്ഘാടന പരിപാടിയ്ക്ക് ശേഷം തേനീച്ച വളര്‍ത്തലിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് തേനിന്റെ ഔഷധമൂല്യത്തെക്കുറിച്ച് സെമിനാര്‍ നടത്തും.  തേനിന്റെ ഔഷധ മൂല്യം, തേന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിലാണ് സെമിനാര്‍.  സെമിനാറിനോടനുബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ തേനും തേന്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളായ ഇഞ്ചി തേന്‍, ചക്ക തേന്‍, പൈനാപ്പിള്‍ തേന്‍, ഞാവല്‍ തേന്‍, തേനീച്ച മെഴുക് കൊണ്ട് നിര്‍മ്മിച്ച വേദന സംഹാരി എന്നിവയുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും.  താല്പര്യമുളള കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 9497079534, 0495 2374157.

date