Skip to main content

ഗ്രീന്‍ പ്രോട്ടോക്കോള്‍ ക്യാമ്പയിന്‍: യോഗം ചേര്‍ന്നു

 

ജില്ലയിലെ ജില്ലാതല ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാരുടെ യോഗം ശുചിത്വ മിഷന്‍ ഹാളില്‍ ഹുസൂര്‍ ശിരസ്തദാര്‍ പി. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതുവരെ നടന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. 116 ജില്ലാതല ഓഫീസുകളില്‍ 87 എണ്ണം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍ അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുമെന്ന് ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണോ അറിയിച്ചു.
ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ ഒന്നു വരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ക്യാമ്പയിന്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. ഈ കാലയളവില്‍ മുഴുവന്‍ ഓഫീസുകളിലും ബയോ കമ്പോസ്റ്റര്‍ (പ്രതിദിനം 2 കിലോവരെ ജൈവ മാലിന്യം ഉല്‍പ്പാദിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉചിതമായത്) സ്ഥാപിക്കാന്‍ തീരുമാനിച്ചു. കൂടാതെ ഓഫീസുകളിലെ ഇ-വേസ്റ്റിന്റെ അളവ് കണക്കാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇ-വേസ്റ്റ് കൈമാറുന്നതിനുളള 'സീറോവേസ്റ്റ് സിവില്‍ സ്റ്റേഷന്‍ ' ക്യാമ്പയിന്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി.

date