Skip to main content

ഗാന്ധിഗൃഹത്തില്‍ മഹാത്മ അനുസ്മരണ വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

 

ഇന്‍ഫര്‍മേഷന്‍-പബ്‌ളിക്‌റിലേഷന്‍സ് വകുപ്പ് ഗാന്ധി പീസ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി സുഗതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗാന്ധിജി കാലാതീതമായ പ്രതിഭാസമാണെന്നും അഹിംസയുടെയും സമാധാനത്തിന്റെയും ശുചിത്വ ബോധത്തിന്റെയും  പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് സി. കൃഷ്ണന്‍ മൂസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എഫ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.

വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും.  ഇന്ന് (ഒക്ടോബര്‍ മൂന്ന്) നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രഭാഷണം നടത്തും. ഒക്ടോബര്‍ നാലിന് രാവിലെ പത്ത് മണിക്ക് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ഗൃഹത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. അഞ്ചിന് രാവിലെ പത്ത് മണിക്ക് നഴ്സറി, എല്‍.പി,യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി-കസ്തൂര്‍ബ പ്രഛന്ന വേഷ മത്സരം, എഴിന് രാവിലെ ഒന്‍പത് മണിക്ക് നടക്കാവ് ഇംഗ്ലീഷ് പള്ളി ജംഗ്ഷന്‍ പാര്‍ക്കിലെ കേളപ്പജി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും പത്ത് മണിക്ക് ഗാന്ധിഗൃഹത്തില്‍ അനുസ്മരണ സമ്മേളനവും നടത്തും. സാഹിത്യകാരന്‍ യു.കെ കുമാരന്‍ മുഖ്യാത്ഥിയാവും. എട്ടിന്  വൈകിട്ട് മൂന്ന് മണിക്ക് മുന്‍ മന്ത്രി കെ.പി മോഹനന്‍ ജയപ്രകാശ് നാരായണന്‍ അനുസ്മരണം നടത്തും.

 

നായനാര്‍ ബാലികാസദനത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

 

 ഗാന്ധിജിയുടെ ഓര്‍മ പുതുക്കേണ്ടത് ഒരു ദിവസം മാത്രമായി  ചുരുങ്ങിപ്പോവരുതെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ നായനാര്‍ ബാലികാസദനം സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സാമൂഹ്യ മേഖലയില്‍ ഏറ്റെടുത്ത പദ്ധതികളിലൊന്നാണ്  നായനാര്‍ ബാലികാസദനത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍ ഭിന്നശേഷിക്കാരുടെ എണ്ണം വളരെ കൂടുതലാണ് ഇവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ ചുമതല കൂടിയാണ്. ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ നിലവാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പഞ്ചായത്ത്തലത്തില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്  ചടങ്ങില്‍ മുഖ്യാതിഥിയായി.
ഗാന്ധിജിയുടെ ചിതാഭസ്മം നില്‍ക്കുന്ന നായനാര്‍ ബാലികാസദനം ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയണമെന്നും ഗാന്ധിയന്‍ സ്റ്റഡി സെന്ററാക്കി നായനാര്‍ ബാലികാസദനം മാറ്റണെമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു. പുതുതലമുറ ഗാന്ധിയെ  കൂടുതല്‍ അറിയാന്‍ ശ്രമിക്കണം. സൈബര്‍ ക്രൈം വര്‍ദ്ധിക്കുന്ന കാലത്താണ് നാമുള്ളത്. ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.  യു എല്‍ സി സി എസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ .എം .കെ ജയരാജ് അധ്യക്ഷനായി.

 ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, നായനാര്‍ ബാലികാസദനം റോട്ടറി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജും ഗാന്ധിജിയുടെ ചിതാഭസ്മം നിലകൊള്ളുന്ന ബാലികാസദനത്തിലെ ഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടിക്ക് തുടക്കം കുറിച്ചു. അന്തേവാസികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഉപഹാരം ജില്ലാ കലക്ടര്‍ വിതരണം ചെയ്തു.

ശാസ്ത്രജ്ഞന്‍ ഇ.കെ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നായനാര്‍ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി.കെ ഹരീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. നായനാര്‍ സദനം പ്രിന്‍സിപ്പല്‍ പി തങ്കമണി, മുന്‍ മേയര്‍ അഡ്വ .സി ജെ റോബിന്‍, കെ.എസ് വെങ്കടാചലം ലഫ് കേണല്‍ സുശീല നായര്‍, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ .ഡോ.പാട്രിക് ടിമക്ര്ണി, സി എസ് ആഷിഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി.

 

 

 കടലുണ്ടിയില്‍ വാതക ശ്മശാനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

 

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വാതക ശ്മശാനം സ്മൃതി തീരം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കപ്പലങ്ങാടിയില്‍ നടന്ന പരിപാടിയില്‍ വി.കെ.സി മമ്മദ്‌കോയ എം എൽ എ  അധ്യക്ഷനായി. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാര്‍, വൈസ് പ്രസിഡന്റ് നിഷ എം, ജില്ലാപഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, കടലുണ്ടി ഗ്രാമപഞ്ചയത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി.രമേശന്‍, സിന്ധു പ്രദീപ്, കോസ്‌ററ് ഫോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ പി.ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.  
കടലുണ്ടി പഞ്ചായത്തിന്റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ധനസഹായത്തോടെയാണ് 43 ലക്ഷം രൂപ ചെലവില്‍ ശ്മശാനത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ശവസംസ്‌കാരം രൂക്ഷമായ മാലിന്യപ്രശ്‌നമായതോടെ നാട്ടുകാരുടെയും സംഘടനകളുടെയും നിരന്തര ആവശ്യത്തെതുടര്‍ന്നാണ്  ശ്മശാനം പണിതത്.

 

 ഗ്രീൻ പാർട്ട്ണർ ഇനീഷിയേറ്റീവ് പദ്ധതിക്ക് തുടക്കമായി 

 

ജില്ലാ ഭരണകൂടത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗ്രീൻ പാർട്ട്ണർ ഇനീഷിയേറ്റീവ് പദ്ധതിക്ക്  കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ ചൊവ്വാഴ്ച  തുടക്കമായി.  ജില്ലാ കലക്ടർ സാംബശിവ റാവു  പൂനൂർ പുഴയോരത്ത് മുള തൈ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ, പുഴകൾ, തോടുകൾ തുടങ്ങിയവ വിവിധ സംഘടനകൾ, ക്ലബ്ബുകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും സംരക്ഷണം ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് ഗ്രീൻ പാർട്ണർ ഇനീഷിയേറ്റീവ്. ജില്ലാ കലക്ടറുടെ   താത്പര്യ പ്രകാരം ആവിഷ്കരിച്ച പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ളവർക്കും പങ്കാളികളാകാം.

കുരുവട്ടൂര് പഞ്ചായത്തിലൂടെ മൂന്ന്  കിലോ മീറ്റർ ഒഴുകുന്ന പൂനൂർ പുഴയുടെ ശുചീകരണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കിഴക്കാൽക്കാവ്, പെര എന്നീ രണ്ട് റസിഡൻസ് അസോസിയേഷനുകൾ ഏറ്റെടുത്തു. പുഴയുടെ തീരം മുഴുവൻ മുള വച്ച് പിടിപ്പിക്കും.

 കുരുവട്ടൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടൻ, വാർഡ് മെമ്പർ കെ.സി ഭാസ്ക്കരൻ, സുരേഷ് ബാബു, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, റസിഡൻസ് അസോസിയേഷനിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഗാന്ധിജയന്തി : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടി 

മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചു ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി സുബ്രമണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ബോധവല്‍ക്കരണ പവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ഡിബേറ്റ്, ക്വിസ് മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. ജെ രമ, പ്രിന്‍സിപ്പല്‍ സയന്റ്റിസ്റ്റ് ഡോ. സി.കെ തങ്കമണി എന്നിവര്‍ സംസാരിച്ചു.

 

 

date