Skip to main content

 റേഷന്‍കാര്‍ഡ് വിതരണം : താല്‍ക്കാലികമായി നിര്‍ത്തി 

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം, ഡ്യൂപ്ലിക്കറ്റ് റേഷന്‍ കാര്‍ഡ് നല്‍കല്‍, കാര്‍ഡുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്‍കല്‍, റേഷന്‍ കാര്‍ഡുകളുടെ പുറംചട്ട മാറ്റി നല്‍കല്‍ തുടങ്ങിയ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

 

ഒക്‌ടോബര്‍ മാസത്തെ റേഷന്‍ വിഹിതം

2019 ഒക്‌ടോബര്‍ മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും, അഞ്ച് കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല്  രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോ ഗ്രാം മുതല്‍ മൂന്ന് കിലോ ഗ്രാം വരെ ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന്  10.90 രൂപ നിരക്കില്‍ 10 കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം  മുതല്‍ മൂന്ന് കിലോ ഗ്രാം വരെ ആട്ടയും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 37 രൂപ നിരക്കില്‍ നാല് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന്   ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

                     

താലൂക്ക് തല പരാതി പരിഹാര അദാലത്ത്  19 ന്

കോഴിക്കോട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഒക്‌ടോബര്‍ 19 ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സിഎംഡിആര്‍എഫ്-എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള അദാലത്തിലേക്കുളള പരാതികള്‍, അപേക്ഷകള്‍ എന്നിവ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം. 

 

വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി

കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്ദതാര്‍ അറിയിച്ചു. 

 

ജില്ലാ ആസൂത്രണ സമിതി യോഗം 9 ന്

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഒക്‌ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന്  മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

മൃതദ്ദേഹം തിരിച്ചറിഞ്ഞില്ല

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 19 ന് മരണപ്പെട്ട കണ്ണന്‍, വയസ്സ് (53) എന്നിവരുടെ മൃതദേഹം ബോഡി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

കോഴിക്കോട് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ മൂന്നിന് മരിച്ച തങ്കലാമ (85)എന്നയാളുടെ മൃതദേഹം കോഴിക്കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച 68 വയസ് തോന്നിക്കുന്ന അജ്ഞാത മൃതദേഹവും കോഴിക്കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളയില്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു.

 

കുന്ദമംഗലം മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം 

 

 

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
    
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട  കാരന്തൂര്‍ പീടികക്കണ്ടി ഭാഗത്തേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മുപ്രക്കുന്ന് കുമുള്ളക്കുഴിയില്‍ ചാത്തങ്കാവ്  റോഡ് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, പതിമംഗലം മണ്ണത്ത് മാട്ടുവാള്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഒ.എച്ച് ടാങ്കില്‍  നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താത്തുര്‍ ഏരിയയിലേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വൈത്തലക്കുന്ന് കുടിവെള്ള  പദ്ധതിക്ക് പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കല്‍, നൊച്ചിക്കാട് ചെറിയാട്കുന്ന് കുടിവെള്ള പദ്ധതി  മോട്ടോറും പമ്പ് ഹൗസും, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മുതിരക്കാലായിമീത്തല്‍  കുടിവെള്ള പദ്ധതി, പാലാഴി നാരാട്ട് മീത്തല്‍ കുടിവെള്ള പദ്ധതി  എന്നീ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്നും എം.എല്‍.എ അറിയിച്ചു.

 ഉല്ലാസഗണിതം പദ്ധതി തുടങ്ങി

 

ശാസ്ത്ര കൗതുകമുണര്‍ത്തുന്ന സാങ്കേതിക
പഠനരീതികള്‍ ഭാവിക്ക് മുതല്‍ക്കൂട്ടാകും;
മന്ത്രി എ.കെ ശശീന്ദ്രന്‍

ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തുന്ന സാങ്കേതിക പഠനരീതികള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെ
നേതൃത്വത്തില്‍ നടപ്പാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇച്ചന്നൂര്‍ എയുപി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയാസരഹിതമായ നൂതന പഠനരീതികള്‍ ഉപയോഗിച്ച് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന വിധത്തിലുള്ള പദ്ധതിയാണ് ഉല്ലാസഗണിതം. തുടക്കത്തില്‍തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിതശാസ്ത്രത്തില്‍ മികവ്പുലര്‍ത്താന്‍ കഴിയുംവിധം ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യാന്ത്രികമായ പഠനമല്ല,  പഠിക്കുന്നത് മനസിലാക്കി പഠിക്കുക എന്ന തിലേക്ക് പാഠ്യരീതി മാറും. നൂതന സാങ്കേതിക രീതിയുപയോഗിച്ചുള്ള പഠനരീതിയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായികൊണ്ടിരിക്കുന്നത്. ഒരു വിദ്യാലയത്തില്‍ ക്ലാസെടുക്കുമ്പോള്‍ സമാനമായി ജില്ലയിലേയോ വിദ്യാഭ്യാസ ജില്ലയിലേയോ സ്‌കൂളുകളില്‍ പ്രസ്തുത വിഷയം പഠിക്കാന്‍ കഴിയുംവിധം ക്രോഡീകൃത രൂപത്തിലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ചുള്ള നൂതനരീതിയിലേക്ക് വിദ്യാഭ്യാസ മേഖല മാറികൊണ്ടിരിക്കുകയാണ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സമഗ്ര പരിഷ്‌കാര പ്രക്രിയ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളിലും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠന ഉപകരണങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്ന്, രണ്ട് ക്ലാസുകളില്‍ വിദ്യാര്‍ഥികളില്‍ ഗണിതപഠനം രസകരവും താല്‍പ്പര്യപൂര്‍വവുമാക്കുന്നതിനാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഉല്ലാസഗണിതം പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി ടി ഷാജി പദ്ധതി വിശദീകരിച്ചു. ഗണിതകിറ്റ് വിതരണോദ്ഘാടനം മുഖ്യാതിഥിയായ ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി ഇസ്മയില്‍, ലീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ രമേശന്‍, ടി സന്തോഷ്‌കുമാര്‍, ഡയറ്റ് ലക്ചറര്‍ കെ എം സോഫിയ, പിടിഎ പ്രസിഡന്റ് പി കെ ഷാജി, സ്റ്റാഫ് പ്രതിനിധി കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം കെ മോഹന്‍കുമാര്‍ സ്വാഗതവും ഇച്ചന്നൂര്‍ എയുപി സ്‌കൂള്‍ പ്രധാനധ്യാപിക ബി ഗീതാകുമാരി നന്ദിയും പറഞ്ഞു.

 

വടകരയില്‍ ഹോര്‍ട്ടികോര്‍പ്പ് സബ് സെന്റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

ഹോര്‍ട്ടികോര്‍പ്പിന്റെ വടകര മേഖല സബ് സെന്റര്‍ ഉദ്ഘാടനം ഇന്ന് ( ഒക്ടോബര്‍ 4) രാവിലെ 9 മണിക്ക് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം കൃഷിമന്ത്രി അഡ്വ .വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും .
പാറക്കല്‍ അബദുള്ള എംഎല്‍ എ  അധ്യക്ഷത വഹിക്കും. ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം വടകര താലൂക്കിലെ ഉപഭോക്താക്കളിലേക്കും കര്‍ഷകരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്  സബ് സെന്റര്‍ ആരംഭിക്കുന്നത്. ഉദ്ഘാടന ശേഷം തേനീച്ച വളര്‍ത്തലിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് തേനിന്റെ ഔഷധമൂല്യം , തേനധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ സെമിനാറും   സംഘടിപ്പിക്കും .

 

ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി ഇന്ന്

ജില്ലയിലെ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി നടത്തുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി ഇന്ന് (ഒക്‌ടോബര്‍ നാല്)
നടക്കാവ് സിഎസ്‌ഐ പാരിഷ് ഹാളില്‍ രാവിലെ 9.15 ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു  ഉദ്ഘാടനം ചെയ്യും. കാനറാ ബാങ്ക് ആന്റ് എസ്.എല്‍.ബി.സി കണ്‍വീനര്‍ എന്‍ അജിത് കൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും. വായ്പ സൗകര്യമടക്കം എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഒരു കുടക്കീഴിലാക്കി സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച സമാപിക്കും. 

 
മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) : അഭിമുഖം 22 ന്

കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഐ.എം.ആര്‍.സി.എച്ച് (ഇന്‍ഫര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഹോമിയോപ്പതി) പ്രോജക്ടിലേക്ക് മെഡിക്കല്‍ ഓഫീസറുടെ (ഹോമിയോപ്പതി) ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത - ബി.എച്ച്.എം.എസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ 22 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലാബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് - II (എന്‍.സി.എ-എസ്.സി.സി.സി) (കാറ്റഗറി നം. 639/17) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പും പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
      

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (ഒക്‌ടോബര്‍ അഞ്ച്) രാവിലെ 10.30 ന്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് (യോഗ്യത : ഡിഗ്രി, ടാലി), മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്      (യോഗ്യത: പ്ലസ്ടു/ഡിഗ്രി) ടെലികോളര്‍ (യോഗ്യത പ്ലസ്ടു) ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10.30ന് സെന്ററില്‍ എത്തണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176

 സ്‌പോട്ട്അഡ്മിഷന്‍ ഇന്ന്(04.10.2019)

 

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ 2019-20 അധ്യായന വര്‍ഷത്തെ റെഗുലര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് ഇന്ന് (ഒക്‌ടോബര്‍ 4) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  എം.എസ്.എസി അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/കമ്മ്യൂണിറ്റി സയന്‍സ്/അഗ്രിക്കള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ കോ-ഓപ്പറേഷന്‍&ബാങ്കിംഗ്/ഫോറസ്ട്രി എന്നിവയിലേക്കും, പി.എച്ച്.ഡി അഗ്രിക്കള്‍ച്ചര്‍ (അഗ്രോണമി) യിലേക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

സുഭിക്ഷാ ഫെയര്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ 
ഉദ്ഘാടനം ചെയ്യും

സുഭിക്ഷയും അഴിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സുഭിക്ഷാ ഫെയര്‍ കാര്‍ഷിക പ്രദര്‍ശന വിപണനമേള നാളെ (ഒക്ടോബര്‍ 4) ഉച്ചയ്ക്ക് രണ്ടിന് ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ കൃഷിമന്ത്രി അഡ്വ .വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി. കെ.നാണു എം എല്‍.എ അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ 4 മുതല്‍ 22 വരെയായി നടത്തുന്ന മളയുടെ ഭാഗമായി വിവിധ ഉല്ലന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പക്ഷി പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, നഴ്‌സറി, ചക്ക വിഭവങ്ങള്‍ എന്നിവയും ഒരുക്കും. 
അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്ത് വരെയും അല്ലാത്ത ദിവസങ്ങളില്‍ മൂന്ന് മണി മുതല്‍ പത്ത് മണി വരെയുമാണ് പ്രദര്‍ശനം. മേളയില്‍ സുഭിക്ഷ ഉല്പന്നങ്ങള്‍ പത്ത് ശതമാനം വിലക്കുറവില്‍ ലഭിക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറും.

കൊയിലാണ്ടി നഗരസഭയില്‍ ഭവനരഹിതര്‍ക്കായി ലൈഫ് സമുച്ചയം ഒരുങ്ങുന്നു

 തലചായ്ക്കാനിടമില്ലാത്ത ഭൂരഹിത ഭവന രഹിതര്‍ക്കായി കൊയിലാണ്ടി നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയം ഒരുക്കുന്നു. പന്തലായനി കോട്ടക്കുന്നില്‍ ഒരേക്കര്‍ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലാണ് ഭവനസമുച്ചയം ഒരുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫണ്ടും നഗരസഭയുടെ വികസന ഫണ്ട്, ബാങ്ക് വായ്പയും ഏകോപിപ്പിച്ച് നൂറ് കുടുംബങ്ങള്‍ക്ക് അഞ്ചു കോടിയുടെ പദ്ധതിയാണ് പന്തലായനിയിലെ പതിനൊന്നാം വാര്‍ഡില്‍ കോട്ടക്കുന്നില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അംഗന്‍വാടി സൗകര്യം,  കളിസ്ഥലം, റിക്രിയേഷന്‍ സെന്റര്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സ്ഥലസൗകര്യം, തൊഴില്‍പരിശീലനം,  കുട്ടികളുടെ പാര്‍ക്ക് എന്നിവയൊക്കെ ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന്  നഗരസഭാ ചെയര്‍മാന്‍  അഡ്വ കെ സത്യന്‍ പറഞ്ഞു. 

പ്രകൃതിസുന്ദരമായ കോട്ടക്കുന്നില്‍ കുന്നിടിക്കാതെയും മണ്ണ് മാറ്റാതെയും ഭൂമിയുടെ കിടപ്പനുസരിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടസമുച്ചയം രൂപകല്‍പ്പന ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. ഭൂമിയും വീടും ഇല്ലാത്തവരായി നഗരസഭയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 

ലൈഫ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പദ്ധതിയുടെ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായി സര്‍ക്കാര്‍ നിയോഗിച്ച സി.ആര്‍.എന്‍.ആര്‍ ചെന്നൈ എന്ന സ്ഥാപനത്തിന്റെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. നഗരസഭ ചെയര്‍മാന്റെ  നേതൃത്വത്തില്‍ കോട്ടക്കുന്നിലെ ഭൂമി പരിശോധിക്കുന്നതിന് വില്ലേജ് ഓഫീസര്‍ ജയന്‍ വരിക്കോളി,  ലൈഫ് ഭവനപദ്ധതി പ്രോഗ്രാം ഓഫീസര്‍ കെ എം പ്രസാദ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ.സുധാകരന്‍, നഗരസഭാ കൗണ്‍സിലര്‍ ടി പി രാമദാസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

നഗരസഭാ കാന്റീന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭാ കാന്റീന്‍  നഗരസഭാ ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍  ഉദ്ഘാടനം ചെയ്തു. 14 ലക്ഷംരൂപ ചെലവഴിച്ചാണ് പുതിയ കാന്റീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സ്വാദിഷ്ടമായ ഭക്ഷണം സൗകര്യത്തോടെ കഴിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ കാന്റീനില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റാണ് കാന്റീന്‍ നടത്തുന്നത്.  സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.കെ ഭാസ്‌കരന്‍,  കെ.ഷിജു, ദിവ്യാ സെല്‍വരാജ്,  കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, ഒ.കെ ബാലന്‍,  സൂപ്രണ്ട് അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ എന്‍ജിനിയര്‍ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 ഭൂമി ലേലം

കായക്കൊടി വില്ലേജ് ബ്ലോക്ക് 129, കൂട്ടൂരില്‍  റീ.സ. 18/26 (18/4 ല്‍ നിന്ന്) 0.0206 ഹെക്ടര്‍ സ്ഥലവും അതിലെ കുഴിക്കൂറുകളും ഒക്‌ടോബര്‍ 29 ന്  ഉച്ചയ്ക്ക് 11.30 ന് കായക്കൊടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് വടകര തഹസില്‍ദാര്‍  അറിയിച്ചു. 

താലൂക്ക് വികസന സമതി യോഗം 5 ന്

ഒക്‌ടോബര്‍ മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന്  രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

സ്വച്ഛതാഹി സേവ ;  മാഹി റയില്‍വ്വെ സ്റ്റേഷനും പരിസരവും ശുചീകരിച്ചു

അഴിയൂര്‍ പഞ്ചായത്തിലെ മാഹി റെയില്‍വ്വേ സ്റ്റേഷനും പരിസരവും സ്വച്ഛതാഹി സേവാ പദ്ധതി പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരിച്ചു. മടപ്പള്ളി ഗവണ്‍മെന്റ് കോളജിലെ എന്‍.സി.സി കാഡറ്റുകള്‍, മാഹി റയില്‍വ്വെ സ്റ്റേഷന്‍ പരിസരത്തെ വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരിച്ചത്. ലഫ്റ്റനന്റ് എന്‍.ആരഭിയുടെ നേത്യത്തില്‍ 80 കാഡറ്റുകളാണ് ശുചീകരണത്തില്‍ പങ്കെടുത്തത്. അഞ്ച് ടണ്‍ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ഒരു പിക്കപ്പ് വാന്‍ നിറയെ മദ്യകുപ്പികളും നീക്കം ചെയ്തു. വ്യാപാര സ്ഥാപാനങ്ങളുടെ പരിസരങ്ങള്‍ വ്യാപാരികള്‍ തന്നെ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് പരിപാടി ഉദ്ഘാടനം ചെയ്തു.

date