Skip to main content

സേവനാവകാശ നിയമം; നിയമസഭാ സബോര്‍ഡിനേറ്റ്  കമ്മിറ്റി യോഗം 22 ന്

സേവനാവകാശ നിയമം സംബന്ധിച്ച് നിയമസഭ സബോര്‍ഡിനേറ്റ് കമ്മറ്റി ഒക്ടോബര്‍ 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശ സ്വയംഭരണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും പൊതുജനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍, സര്‍വ്വീസ് സംഘടന നേതാക്കള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. 2012 ലെ സംസ്ഥാന സേവനാവകാശ നിയമത്തിന്റെ കീഴില്‍ വരുന്ന 750/2012, 751 / 2012 എന്നീ എസ്ആര്‍ഒ കളുടെ അടിസ്ഥാനത്തില്‍ സേവനാവകാശ ചട്ടങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക. സമിതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ലഭ്യമാക്കണം. താത്പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 22-ന് കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ഡി.ടി.പി.സിയുടെ കീഴിലുള്ള സരോവരം ബയോപാര്‍ക്കിലെ ബോട്ടിംഗ്, ഭട്ട് റോഡ് ബീച്ചിലെ കഫ്ത്തീരിയ എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. പതിനൊന്ന് മാസമാണ് പ്രവൃത്തി കാലാവധി. ഓരോന്നിനും പ്രത്യേകം ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കണം. ടെന്‍ഡര്‍ വില്‍ക്കുന്ന അവസാന തീയതി അവസാന തീയതി നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് ഒരു മണി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 ഉച്ചയ്ക്ക് ഒരുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക.

 

 ഗതാഗത മന്ത്രി ജില്ലയില്‍ 

ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്നും നാളെയുമായി (ഒക്ടോബര്‍ 20, 21) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് വൈകിട്ട് അഞ്ചിന് ചേളന്നൂര്‍ 9/1 ഇരുവള്ളൂര്‍ റോഡ് ഉദ്ഘാടനം, 21 ന് രാവിലെ 10 ന് പുത്തലത്ത്കണ്ണാശുപത്രി- റോഡ് സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം, 11.30 ന് പാളയം-വെള്ളരില്‍ ഗാര്‍ഡന്‍ ബില്‍ഡിംഗ് -ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം, വൈകിട്ട് നാലിന് ചീക്കിലോട് സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടനം, അഞ്ചിന് ചീക്കിലോട് വീടിന്റെ താക്കോല്‍ദാനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

 

നെഹ്‌റു യുവകേന്ദ്ര ജില്ലാതല പ്രസംഗ മത്സരത്തില്‍ സ്വീറ്റി നടാഷയ്ക്ക് ഒന്നാം സ്ഥാനം

 

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ല തല പ്രസംഗ മത്സരത്തില്‍ സ്വീറ്റി നടാഷ ( മലാപ്പറമ്പ്)ഒന്നാം സ്ഥാനം നേടി. ഫാത്തിമ സനക്ക് (മൂഴിക്കല്‍) രണ്ടാംസ്ഥാനവും അഖില രാമചന്ദ്രന് (കോട്ടൂര്‍,നടുവണ്ണൂര്‍) മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികള്‍ക്കുഉള ക്യാഷ് പ്രൈസ് യഥാക്രമം 5000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും ശില്പവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിതരണം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.മുഹമ്മദ്, അസി.പ്രൊഫ.കെ. വേലായുധന്‍,
അസി.പ്രൊഫ.സി.കെ.അജ്ഞലി, പി ജയപ്രകാശ്, കെ.എസ് വിഷ്ണു എന്നിവര്‍ സംസാരിച്ചു. വി.പി.എം.മുഹമ്മദ് അഫാം സ്വാഗതവും എന്‍.അബ്രാര്‍ നന്ദിയും പറഞ്ഞു. ഒക്ടോബര്‍ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ സ്വീറ്റി നടാഷ ജില്ലയെ പ്രതിനിധീകരിക്കും.

date