Skip to main content

ജില്ലാ ഭരണകൂടത്തിന്റെ സ്മാര്‍ട്ട് എംപ്ലോയീ പ്രോഗ്രാമിന് തുടക്കമായി

 

ഉദ്യോഗസ്ഥരുടെ ഭാരിച്ച ചുമതലകള്‍ ലഘൂകരിക്കാന്‍
സാങ്കേതിക വിദ്യയുടെ ഇടപെടല്‍ സഹായകമാവും-ബാബു പറശ്ശേരി

 

പുത്തന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉദ്യോഗസ്ഥരുടെ ഭാരിച്ച ചുമതലകള്‍ ലഘൂകരിക്കാന്‍ സഹായകമാവുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ജില്ലാഭരണകൂടം നടത്തുന്ന സ്മാര്‍ട്ട് എംപ്ലോയീ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ സേവകരാണെന്നും മെച്ചപ്പെട്ട സേവനം നല്‍കുന്നത് വഴി സമൂഹത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ നല്ലനിലയില്‍ നടപ്പിലാക്കാന്‍ ആധുനിക സാങ്കേതിക വിദ്യയിലൂന്നി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. കാലോചിതമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്മാര്‍ട്ട് എംപ്ലോയീ പോലുള്ള പരിശീലന പരിപാടികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാരപ്പറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സബ്കലക്ടര്‍ ജി.പ്രിയങ്ക അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് എംപ്ലോയി പ്രോഗ്രാമിന് വേണ്ടി അസാപ് രൂപകല്‍പന ചെയ്ത പ്രത്യേക പോര്‍ട്ടലിന്റെ ഉദ്ഘടനം സബ്കലക്ടര്‍ നിര്‍വ്വഹിച്ചു. പരിശീലനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ പോര്‍ട്ടല്‍ വഴി ദൂരീകരിക്കാം. പഠന സഹായികളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
 
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഐ.ടി പ്രാവീണ്യം, പ്രൊജക്ട് മാനേജ്‌മെന്റ്  എന്നിവ മെച്ചപ്പെടുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. വിവിധ വകുപ്പുകളില്‍ നിന്നുള്ള 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. കംപ്യൂട്ടര്‍ ബേസിക്‌സ്, ഡിജിറ്റല്‍ ടൂള്‍ ഉപയോഗം, സൈബര്‍ എത്തിക്‌സ് ആന്റ് സെക്യൂരിറ്റി, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ എന്നിവയിലാണ് കമ്പ്യൂട്ടര്‍ മുഖേന പരിശീലനം നല്‍കുക. ആശയ വിനിമയ പ്രാവീണ്യം, വ്യക്തിത്വ വികസനം, അവതരണ പ്രാവീണ്യം, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, ലീഡര്‍ഷിപ്പ്, ടൈം മാനേജ്‌മെന്റ്, കൂട്ടായ പ്രവര്‍ത്തനം, കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്, ധാര്‍മ്മികത എന്നിവയിലാണ് പ്രൊജക്ട് മാനേജ്‌മെന്റിന്റെ  ഭാഗമായി പരിശീലനം നല്‍കുക. അസാപ് ആണ് പരിശീലനം നല്‍കുന്നത്.

സാമൂഹ്യനീതി വകുപ്പ്, പട്ടികജാതി വികസന ഓഫീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, ഡി.ഐ.സി, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍, എച്ച്.എം.ഡി.സി ഓഫീസ് എന്നിവടങ്ങളിലെ  ഉദ്യോഗസ്ഥരാണ് ആദ്യ ബാച്ചിലെ പരിശീലനത്തിനായി എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക് പരിശീലനം നല്‍കും. ജൂനിയര്‍ സൂപ്രണ്ട് മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പദ്ധതി മുഖേന പരിശീലനം ലഭിക്കുക. നിലവില്‍ ഐ.ഐ.എം മുഖേന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും നടന്നുവരികയാണ്.

അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ മേഴ്‌സി പ്രിയ പരിശീലനത്തെക്കുറിച്ച് വിശദീകരണം നടത്തി. കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം മിഥുന്‍ കൃഷ്ണ, കാരപ്പറമ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.രമ എന്നിവര്‍ സംസാരിച്ചു.

date