Skip to main content

ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് ഇന്ന് തുടക്കം ആദ്യദിനം സ്‌റ്റേജിതര മത്സരങ്ങള്‍ നടക്കും

 

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ നടക്കുന്ന ഒമ്പതാമത് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവം ഒക്ടോബര്‍ 20 ന് കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പതിന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 19 ന് രാവിലെ 9.30 ന് കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയാവും. ആദ്യദിനം രാവിലെ 10 മുതല്‍ സ്റ്റേജിതര മത്സരങ്ങളായ വായന, കൈയെഴുത്ത്, കഥപറയല്‍, ഉപന്യാസം, കഥ, കവിത, ചിത്രരചന (പെന്‍സില്‍, ജലഛായം), പ്രസംഗം നടക്കും.  

രണ്ടാംദിനം അക്ഷരം, നവചേതന, ചങ്ങാതി, സമഗ്ര, സമന്വയ എന്നീ അഞ്ചു വേദികളിലായാണ് സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറുക. 35 ല്‍ പരം ഇനങ്ങളിലായി നൂറിലധികം പഠിതാക്കള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. നാല്, ഏഴ് പഠിതാക്കള്‍ക്കുള്ള ആദ്യ വിഭാഗം, രണ്ടാം വിഭാഗത്തില്‍ പ്രേരക്മാര്‍, മൂന്നാം വിഭാഗത്തില്‍ 10-ാം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, സമഗ്ര, നവചേതന, ചങ്ങാതി, അട്ടപ്പാടി പദ്ധതികളുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള നാലാം വിഭാഗം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി അഞ്ചാം വിഭാഗം, ചങ്ങാതി പഠിതാക്കളുടെ ആറാം വിഭാഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക.

ഒക്ടോബര്‍ 20 ന് ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയാവും. പത്മശ്രീ ശിവന്‍ നമ്പൂതിരി, രമ്യ ഹരിദാസ് മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മാനവിതരണം നടക്കും

date