അഷ്ടമുടി ഫെസ്റ്റ് : അഗ്നിശമന സേനയുടെ അത്യന്താധുനിക സംവിധാനങ്ങള്‍ നേരില്‍ കാണാന്‍ അവസരം ഇന്ന് (05.11.2017)
മിനി വാട്ടര്‍ മിസ്റ്റ്‌സെന്ററിനെക്കുറിച്ച് എത്രപേര്‍ക്കറിയാം? തീപിടുത്തമുണ്ടാകുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനെക്കിറിച്ചുള്ള സംശയങ്ങളും ഒരുപാടുപേര്‍ക്കുണ്ടാകും. എല്ലാത്തിനും ഉത്തരമുണ്ട് അഷ്ടമുടി ഫെസ്റ്റില്‍. മഞ്ഞുപോലെ വെള്ളം ചീറ്റി തീയണയ്ക്കാനുള്ള മിനി വാട്ടര്‍ മിസ്റ്റ്‌സെന്റര്‍ എന്ന ഏറ്റവും പുതിയ സംവിധാനം ആദ്യമായി പ്രദര്‍ശിപ്പക്കുകയാണിവിടെ.
ഫയര്‍ഫോഴ്‌സിന്റെ എല്ലാ ഉപകരണങ്ങളും അടുത്തു കാണാനും അവസരമുണ്ട്. തീപിടുത്തമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള വിശദീകരണവും പരിപാടിയുടെ ഭാഗമാകും. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഡി. സുരേഷിന്റെ നേതൃത്വത്തിലാണ് വൈകിട്ട് നാലു മണിക്ക് തുടങ്ങുന്ന ഫയര്‍ഷോ.
ഒട്ടേറെ പേരെ ആകര്‍ഷിച്ച പൊലിസിന്റെ ഡോഗ്‌ഷോയും ഇന്നുണ്ടാകും. കൂടാതെ സ്ത്രീ സ്വയം സുരക്ഷ സംബന്ധിച്ച് വനിതാപൊലിസ് വിഭാഗത്തിന്റെ പ്രത്യേക പരിപാടിയും.
സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനാകുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ സേവ് അഷ്ടമുടി വെബ്‌സൈറ്റ് ഉദ്ഘാടനവും യുനസ്‌കോ പ്രൊജക്ട് സമര്‍പ്പണവും നിര്‍വ്വഹിക്കും.
എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ്, സിനിമാ താരങ്ങളായ ജലജ, വിനായകന്‍, മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചലച്ചിത്ര പിന്നണി ഗായകന്‍ മത്തായി സുനിലിന്റെ സംഗീത പരിപാടിയും പ്രഫ. യൂജിന്‍ പണ്ടാല, ഡോ. മനോജ് കിനി, എം.ജെ ഗംഗ, എ.ഡി.സി ജനറല്‍ വി. സുദേശന്‍ എന്നിവര്‍ പങ്കെടുക്കുന്ന ആര്‍കിടെക്ചര്‍ ഷോയും നടക്കും.
(പി.ആര്‍.കെ.നമ്പര്‍ 2520/17)
- Log in to post comments