Skip to main content

ചൊറുക്കള- മയ്യില്‍ എയര്‍പോര്‍ട്ട് റോഡ് വികസനം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി

ചൊറുക്കള-ബാവുപ്പറമ്പ്-മയ്യില്‍-കൊളോളം-ചാലോട് -എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജെയിംസ് മാത്യു എംഎല്‍എ ആണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. 2016 ആഗസ്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തി വിമാനത്താവള റോഡെന്ന നിലയില്‍ നാലുവരിയാക്കി അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നാലുവരിയാക്കി വികസിപ്പിക്കുന്നതിന് കാലതാമസം വരുമെന്ന് കണ്ടതിനാല്‍ 2018 ജൂണ്‍ 25 ന്റെ ഉത്തരവ് പ്രകാരം രണ്ടുവരി പാതയായി വികസിപ്പിക്കാനും 13.6 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിന് ഭൂമി വിലകൊടുത്ത് ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. ഈ നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രസ്തുത പ്രവൃത്തിയില്‍ വലിയ കാലതാമസം ഉണ്ടായതെന്നും ജെയിംസ് മാത്യു പറഞ്ഞു. അതിനാല്‍ അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
വാഹന ഗതാഗതം അസാധ്യമാകും വിധം തകര്‍ന്നിരിക്കുന്ന മാട്ടറ-കാലാങ്കി റോഡ് മലയോര മേഖലയിലെ ്രപധാനപ്പെട്ട റോഡെന്ന നിലയില്‍ മുന്‍ഗണന നല്‍കി എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്നും ജെയിംസ് മാത്യു എംഎല്‍എ ആവശ്യപ്പെട്ടു. ഈ റോഡിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം നടത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. വളപട്ടണം പുഴയുടെ കരയിടിച്ചല്‍ രൂക്ഷമായ പ്രദേശങ്ങളുടെ സംരക്ഷണത്തിന് തയ്യാറാക്കിയ പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായത് വേദനാജനകമാണെന്ന് എംഎല്‍എ പറഞ്ഞു. അപകടകാരണമാകുന്ന നിലയില്‍ പാലക്കോട് അഴിമുഖത്ത് അടിഞ്ഞ്കൂടിയ മണലും മണ്ണും നീക്കം ചെയ്യുന്നതിന് എത്രയും വേഗം നടപടി കൈക്കൊള്ളണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കക്കംപാറയില്‍ അപകടകരമായ നിലയില്‍ നില്‍ക്കുന്ന പാറ നീക്കം ചെയ്യാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പുഴകളില്‍ പ്രളയത്തെ തുടര്‍ന്ന് വന്നടിഞ്ഞ മണലും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കാനുള്ളള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
റോഡിന്റെ വശങ്ങളില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഉളിക്കല്‍- ഇരിട്ടി റോഡില്‍ മരം പൊട്ടി വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ ജാഗ്രതയോടുകൂടി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് ജില്ലാ വികസന സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നിര്‍ദ്ദേശിച്ചു. സിവില്‍ സപ്ലൈയ്‌സ്, കുടുംബശ്രീ, എല്‍എസ്ജിഡി തുടങ്ങിയ വകുപ്പുകള്‍ എസ് സി-എസ്ടി കോളനി സന്ദര്‍ശന സമയങ്ങളില്‍ സന്ദര്‍ശക സംഘത്തോടൊപ്പം ഉണ്ടാകണമെന്നും ഈ മേഖലയിലെ ആളുകളുടെ തൊഴില്‍, വിദ്യാഭ്യാസം എന്നിവ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ ട്രൈബല്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
  പട്ടികജാതി- പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ വിവിധ ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 30 നും, കിഫ്ബി റോഡ് നിര്‍മ്മാണത്തില്‍ കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കുടിവെള്ള പൈപ്പ് പൊട്ടിയാല്‍ ഉടന്‍ പരിഹാരം കാണുന്നതിനായുള്ള ജില്ലാതല എംപവര്‍ കമ്മിറ്റിയുടെ രൂപീകരണം എന്നിവ സംബന്ധിച്ച് നവംബര്‍ ഒന്നിനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന റോഡുകളില്‍ അലൈന്‍മെന്റ് കല്ലിടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയ നാല് റോഡുകളുടെ സാമൂഹ്യ പ്രത്യാഘാത പഠനവുമായി ബന്ധപ്പെട്ട് നവംബര്‍ അഞ്ചിന് പൊതുജനങ്ങളുടെ യോഗം നടത്താനും യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ പഞ്ചായത്ത് ഡവലപ്‌മെന്റ് പ്ലാന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിനെ ജില്ലാ വികസന സമിതി യോഗം പ്രത്യേകം അഭിനന്ദിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗം അവലോകനം ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സുമ ബാലകൃഷ്ണന്‍, എംഎല്‍എമാരായ ജെയിംസ് മാത്യു, സി കൃഷ്ണന്‍, അഡ്വ. സണ്ണി ജോസഫ്,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, എംഎല്‍എ-എംപി മാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date