Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഒക്‌ടോബര്‍ 29 ന് രാവിലെ ഒമ്പത് മണി മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍  നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയതി 29/10/19 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് : (202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org ല്‍ Certificate Attestation). പ്രസ്തുത ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.  ഫോണ്‍: 0497 2765310, 0495-2304885.

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന
വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇനി മുതല്‍ നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ മുഖേന ലഭ്യമാകും.  വിദേശ രാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള കേരളത്തില്‍ നിന്നുളള രേഖകളുടെ  ആഭ്യന്തര അറ്റസ്റ്റേഷന്‍ സേവനം ലഭ്യമാക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിനെ അധികാരപ്പെടുത്തി. വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ക്കുളള ആഭ്യന്തര അറ്റസ്റ്റേഷന്‍ സൗകര്യം കൂടി നോര്‍ക്കയില്‍ ലഭ്യമാകുന്നതോടെ വിദേശരാജ്യങ്ങളില്‍ സമര്‍പ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്‌സ് ഓഫീസുകള്‍ മുഖാന്തരം ഉദ്യോഗാര്‍ഥികള്‍ക്കും പ്രവാസികള്‍ക്കും ലഭ്യമാകും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം  വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ അഫിഡവിറ്റുകള്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സിന്റെ മേഖലാ ഓഫീസുകളില്‍ നല്‍കാം.  പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളില്‍ ആഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തല്‍ സേവനവും നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ ലഭിക്കും.  എം ഇ എ, അപ്പോസ്റ്റൈല്‍ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് പുറമേ യു എ ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എംബസ്സികളുടെ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.  അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി www.norkaroots.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 18004253939.

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് മുഖേന തെരഞ്ഞെടുക്കുന്നു. നഴ്‌സിംഗില്‍ ബിരുദമോ (ബി എസ് സി), ഡിപ്ലോമയോ (ജി എന്‍എം) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായം 22 നും 35 നും ഇടയില്‍.  ബി എസ് സി നഴ്‌സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും ജി എന്‍ എം നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതല്‍ 3750 സൗദി റിയാല്‍ വരെ (ഏകദേശം 60,000 രൂപ മുതല്‍ 70,000 രൂപ വരെ) ലഭിക്കും. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.  പ്രസ്തുത ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ ഓണ്‍ലൈന്‍ അഭിമുഖം  ഉണ്ടാകും.  വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ ഡി/സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 14 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2364535.
പി എന്‍  സി/3786/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
പയ്യന്നൂര്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ ലാബിലേക്ക്  എയര്‍കണ്ടീഷണര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ ഒന്നിന് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04985 203001.

സൗജന്യ മത്സര പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷി  വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി 20 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു.  പരിശീലന ക്ലാസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എല്‍ ഡി ക്ലര്‍ക്ക് മാതൃകാ പരീക്ഷ നടത്തും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ 10.30 ന് ഹാജരാകണം.  ഫോണ്‍: 0497 2700831.

താലൂക്ക് വികസന സമിതി യോഗം
ഇരിട്ടി താലൂക്ക് വികസന സമിതി യോഗം നവംബര്‍ രണ്ടിന് രാവിലെ 10.30 ന് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹാളില്‍ ചേരും.

പി ആര്‍ ഡി പെന്‍ഷന്‍: 31 നകം വിവരങ്ങള്‍ നല്‍കണം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും അംശദായം അടച്ചുവരുന്നവരുടെയും വിവരങ്ങള്‍ ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അംഗങ്ങള്‍ പാസ്ബുക്കിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, നോമിനി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പി ആര്‍ ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം.

സാക്ഷ്യപത്രം സമര്‍പ്പിക്കണം
ബീഡി-ചുരുട്ട് തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മുട്ടക്കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നടത്തിയ പരിശീലന ക്ലാസില്‍ പങ്കെടുത്ത ബീഡി തൊഴിലാളികള്‍ നിര്‍ദിഷ്ട അളവിലുള്ള കോഴി വളര്‍ത്തല്‍ ഷെഡിന്റെ നിര്‍മ്മാണം നവംബര്‍ 15 നകം പൂര്‍ത്തിയാക്കണം.  ബന്ധപ്പെട്ട മൃഗഡോക്ടറില്‍ നിന്നും വാങ്ങിയ സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ഷെഡ് പൂര്‍ത്തിയാക്കിയതിന്റെ പരിശോധനാ സാക്ഷ്യപത്രം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 04972 706133.

ബോധവല്‍ക്കരണ സെമിനാര്‍
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജന്തുക്ഷേമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നവംബര്‍ രണ്ടാം വാരത്തില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.  മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം, മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനുള്ള നിയമങ്ങള്‍, പെറ്റ്‌ഷോപ്പ് നടത്തിപ്പ് നിയമങ്ങള്‍, പൊതു പ്രകടനത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍, അനധികൃതവും അനാരോഗ്യകരവുമായ അറവുശാല നടത്തിപ്പ്, മേഖലയിലെ മറ്റു അനഭിലഷണീയ പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചാണ് സെമിനാര്‍.  എന്‍ ജി ഒ സംഘടനകള്‍, താല്‍പര്യമുള്ള വ്യക്തികള്‍, പെറ്റ് ഷോപ്പുടമകള്‍, ഹയര്‍ സെക്കണ്ടറി തലത്തിലുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ നവംബര്‍ 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9847001193 (ചീഫ് വെറ്ററിനറി ഓഫീസര്‍), 8921344036 (ഫീല്‍ഡ് ഓഫീസര്‍).

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ ഐ ടി ഐ  യിലെ എം എം വി, എം എം ടി, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍  ട്രേഡുകളിലേക്ക് ഉപകരണങ്ങള്‍ സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ എട്ടിന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2835183.

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
നാലാമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഒക്‌ടോബര്‍ 30 ന് രാവിലെ 10 മണി മുതല്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ജനറല്‍ മെഡിസിന്‍, മര്‍മ്മവിഭാഗം, നേത്രരോഗം, ബാലചികിത്സ, സ്ത്രീരോഗം, ത്വക്ക് രോഗം, കോസ്മറ്റോളജി, കൗണ്‍സലിംഗ് എന്നീ മേഖലകളിലുള്ള ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും.  താല്‍പര്യമുള്ളവര്‍ക്ക് 0497 2700911 (ജില്ലാ മെഡിക്കല്‍ ഓഫീസ്), 0497 2706666 (ജില്ലാ ആയുര്‍വേദ ആശുപത്രി, താണ) എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  ക്യാമ്പിനോടനുബന്ധിച്ച് ഇല അറിവുകള്‍ എന്ന ക്ലാസും പ്രദര്‍ശനവും ഉണ്ടായിരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
ദേശീയ പാത 66 കി മീ 184/400 മുതല്‍ 184/600 വരെ മാഹിപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉപരിതലം പുതുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ 30 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.    ഫോണ്‍: 0497 2703664.

ലേലം ചെയ്യും
മാവിലായി വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ മുറിച്ച് മാറ്റിയിട്ട അക്കേഷ്യ മരത്തിന്റെ തടികള്‍ ഒക്‌ടോബര്‍ 30 ന് വൈകിട്ട് മൂന്ന് മണിക്ക് മാവിലായി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.    കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് സബ് കലക്ടര്‍ ഓഫീസിലും മാവിലായി വില്ലേജ് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0460 2300332.

കയര്‍ ഭൂവസ്ത്ര ശില്‍പശാല 30ന്
പരമ്പരാഗത കയര്‍ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കയര്‍ ഭൂവസ്ത്രത്തെപ്പറ്റി ബ്ലോക്ക് പഞ്ചായത്ത് - ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ ശില്‍പശാല നടത്തുന്നു. ഒക്ടോബര്‍ 30ന് രാവിലെ 11 മണിക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. കയര്‍ വികസന ഡയറക്ടര്‍ എന്‍ പത്മകുമാര്‍  വിശിഷ്ടാതിഥിയാകും.
 

date