Skip to main content

ഉത്സവഛായയില്‍ ബാലാവകാശ കമ്മീഷന്റെ സംരക്ഷണ ഊരുണര്‍ത്തല്‍

പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതബാധിതരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നടത്തിയ ഊരുണര്‍ത്തല്‍ പരിപാടിയില്‍ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും അവതരിപ്പിച്ച് കുട്ടികള്‍. ഉത്സവ പ്രതീതിയില്‍ നടന്ന ഊരുണര്‍ത്തല്‍ പരിപാടിയില്‍ കമ്മീഷന്‍ ചെയര്‍മാര്‍ പി സുരേഷ്, അംഗങ്ങളായ ഡോ. എം പി ആന്റണി, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. സംവാദത്തില്‍ പങ്കെടുത്ത എഴുന്നൂറോളം കുട്ടികളില്‍ അഞ്ചൂറിലധികം പേര്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ചെങ്ങളായി, പയ്യാവൂര്‍, എരുവേശി, മയ്യില്‍ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെയും ശ്രീകണ്ഠാപുരം നഗരസഭയിലെയും ഗോത്ര മേഖലകളിലെയും സ്‌കൂളിലെയും കുട്ടികളാണ് പങ്കെടുത്തത്.
കോളനികളുടെ സമീപത്ത് ഹെസ്‌കൂളുകള്‍ ഇല്ല എന്നതായിരുന്നു എറ്റവും വലിയ പരാതി. ഇത് കാരണം നെല്ലിക്കുറ്റി, പൈസക്കരി, ചന്ദനക്കാംപാറ തുടങ്ങിയ ഹൈസ്‌കൂളുകളിലെത്താന്‍ കഴിയാതെ ഒട്ടുമിക്ക ഊരുകളിലും കുട്ടികള്‍ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിക്കുകയാണെന്ന് ലഭിച്ച പരാതികള്‍ വ്യക്തമാക്കുന്നതായി കമ്മീഷന്‍ ചെയര്‍മാര്‍ പി സുരേഷ് പറഞ്ഞു. ലഭിച്ച ഇരുപ്പഞ്ചോളം പരാതികളില്‍ ഒട്ടുമിക്കതും സ്‌കൂളുകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ സംബന്ധിച്ചുള്ളതായിരുന്നു. പയ്യാവൂര്‍ ചമതച്ചാല്‍ വാതില്‍മട കോളനി നിവാസികളായ കുട്ടികള്‍ പ്രദേശത്ത് വ്യാപകമായി മദ്യവും മയക്കുമരുന്നും നിരോധിക്കപ്പെട്ട ലഹരി ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു. എരുവേശി ഗവ. യു പി സ്‌കൂളില്‍ മൂത്രപ്പുരയും ഭക്ഷണശാലയും അനുവദിക്കണമെന്ന ആവശ്യവുമുയര്‍ന്നു. സ്‌കൂള്‍ ബസ് അനുവദിക്കുക, കളിസ്ഥലം നിര്‍മ്മിക്കുക, പരീക്ഷണശാല തുടങ്ങുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ കുട്ടികളുന്നയിച്ചു.
ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സമഗ്രശിക്ഷ കേരള ഡയറക്ടര്‍ എസ് കുട്ടികൃഷ്ണന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. മറ്റ് ആവശ്യങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ടവരില്‍ നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് തേടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

date