Skip to main content

ലഹരിക്കെതിരെ കായിക ലഹരി: ജില്ലാതല കബഡി മത്സരങ്ങള്‍ക്ക് തുടക്കമായി

ലഹരിക്കെതിരെ കായിക ലഹരി ക്യാംപയിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് ജില്ലാ കബഡി അസോസിയേഷനുമായി ചേര്‍ന്ന് 19 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കബഡി മത്സരങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കന്യാകുളങ്ങര പബ്ലിക് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ജില്ലാ തല മത്സരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, കണിയാപുരം, തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് വിദ്യാഭ്യാസ ഉപജില്ലകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. കണിയാപുരം സബ്ജില്ലയും ആറ്റിങ്ങലും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ മാസം 17ന് മലപ്പുറത്ത് സംസ്ഥാനതല മത്സരങ്ങള്‍ നടക്കും. മുന്‍ ലോക ബോക്‌സിംഗ് ചാമ്പ്യനും ജിവി രാജ അവാര്‍ഡ് ജേതാവുമായ കെ സി ലേഖ കായികതാരങ്ങള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വെമ്പായം ജംഗ്ഷന്‍ മുതല്‍ കന്യാകുളങ്ങര മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ സാമൂഹ്യസാംസ്‌ക്കാരിക, കായികരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിളംബര ജാഥയും സംഘടിപ്പിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ ചന്ദ്രപാലന്‍, അസി എക്‌സൈസ് കമ്മിഷണര്‍ മുഹമ്മദ് ഉബൈദ്, ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ തേക്കട അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വകുപ്പിന്റെ ലഹരി വിരുദ്ധ മിഷനായ വിമുക്തിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. (പി.ആര്‍.പി 1038/2018)
date