Skip to main content

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

ഇടവിട്ടു പെയ്യുന്ന മഴയ്‌ക്കൊപ്പം ജലജന്യ രോഗങ്ങള്‍  വ്യാപിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. വി. ഷേര്‍ളി അറിയിച്ചു.

രോഗകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍, പരാദ ജീവികളായ അമീബിയ, ഗിയാര്‍ഡിയ തുടങ്ങിയവ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ശരീരത്തിലെത്തിയാണ് വയറിളക്കമുണ്ടാകുന്നത്. ശരീരത്തിലെ ജലവും ലവണങ്ങളും വയറിളക്കത്തിലൂടെ നഷ്ടപ്പെടുന്നത് മൂലം രോഗം അപകടകരമാകുന്നു. ഇത് മരണത്തിന് വരെ കാരണമാകും.

കുഴിഞ്ഞു വരണ്ട് കണ്ണുകള്‍, ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ താഴ്ന്ന ഉച്ചി, ഉണങ്ങി വരണ്ട ചുണ്ടും നാവും, തൊലി വലിച്ചുവിട്ടാല്‍ സാവധാനം മാത്രം പൂര്‍വ്വസ്ഥിതിയിലാകല്‍, അധിക ദാഹം, മയക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

തൊണ്ണൂറ് ശതമാനം വയറിളക്ക രോഗങ്ങളും പാനീയ ചികിത്സയിലൂടെ ഭേദമാക്കാം. ഇതിനായി ഒ.ആര്‍.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാം. പാനീയ ചികിത്സക്കൊപ്പം ദഹിക്കാന്‍ എളുപ്പമുള്ള ആഹാരവും നല്‍കണം.

ഗുരുതരമായ നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ രോഗിയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണം. വയറിളക്ക രോഗ ചികിത്സക്കാവശ്യമായ ഒ.ആര്‍.എസ് പാക്കറ്റുകളും മറ്റ് ഔഷധങ്ങളും എല്ലാ ആശുപത്രിയിലും ലഭിക്കും. 
സാല്‍മോണല്ല ടൈഫി ബാക്ടീരിയ മൂലമുണ്ടാകുന്ന ജലജന്യ രോഗമാണ് ടൈഫോയ്ഡ്. മാലിന്യങ്ങള്‍ കലര്‍ന്ന ജലത്തിലൂടെയും പഴകിയ ആഹാര സാധനങ്ങളിലൂടെയും രോഗം പകരാം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്ത് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാവാം. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ കുടലില്‍ രക്തസ്രാവം, സുഷിരങ്ങള്‍, ന്യൂമോണിയ, മെനഞ്ചൈറ്റിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭിക്കും.

ഹെപ്പറ്റൈറ്റിസ്-എ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ (മഞ്ഞപ്പിത്തം). രോഗാണുബാധയുള്ള വ്യക്തിയുടെ മലത്തിലുള്ള രോഗാണുക്കള്‍ ആഹാരം, ജലം, പാത്രങ്ങള്‍, വിരലുകള്‍ എന്നിവ വഴി മറ്റുള്ളവരിലേക്ക് പകരാം. വിശപ്പില്ലായ്മ, ക്ഷീണം, മനംപിരട്ടല്‍, ഛര്‍ദ്ദി, പനി, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രായം കൂടുന്നതിനനുസരിച്ച് മഞ്ഞപ്പിത്തബാധയുടെ തീവ്രതയും കൂടാന്‍ സാധ്യതയുണ്ട്.

ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിപ്പിക്കുക, കിണറുകളും പമ്പിംഗ് സ്റ്റേഷനുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക, തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യാതിരിക്കുക, ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, പഴകിയ ഭക്ഷണ സാധനങ്ങള്‍, സിപ്പ് അപ്പ് എന്നിവ പൂര്‍ണമായും ഒഴിവാക്കുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നിവയാണ് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍.

 (പി.ആര്‍.കെ.നമ്പര്‍  2533/17)

date