എസ്.എസ്.എല്‍.സി: ഇനി തീവ്രയജ്ഞത്തിന്റെ നാളുകള്‍
വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും 100 എന്ന ലക്ഷ്യത്തിലേക്ക് തീവ്രയജ്ഞ പരിപാടിയുമായി മുന്നോട്ടുപോകുവാന്‍ ഇ-മുകുളം പദ്ധതി അവലോകനത്തിനായി ജില്ലാ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെയും പി.ടി.എ അധ്യക്ഷന്‍മാരുടെയും യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ നിന്ന് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര പരിശീലന പദ്ധതിയാണ് ഇ-മുകുളത്തിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. പഠനത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് പോലും വലിയ പ്രയാസമില്ലാതെ എസ്.എസ്.എല്‍.സി കടമ്പ കടക്കുന്നതിന് സഹായകമാവുന്ന രീതിയിലുള്ള പഠന സാമഗ്രികളും മാതൃകാ ചോദ്യപ്പേപ്പറുകളും ഇതിനകം ഇ-മുകുളം പോര്‍ട്ടലില്‍ ലഭ്യമാക്കിക്കഴിഞ്ഞു. കൂടുതല്‍ പരിശീലനം ആവശ്യമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിന് മുമ്പോ ശേഷമോ അതിനുള്ള സംവിധാനമൊരുക്കണം. അധിക സമയം ഇരിക്കുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിന് തുക ജില്ലാ പഞ്ചായത്ത് നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ വിദഗ്ധ അപഗ്രഥനത്തിന് വിധേയമാക്കി തയ്യാറാക്കിയതാണ് ഇ-മുകുളം പദ്ധതി. സംസ്ഥാനത്ത് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ ജില്ലയാണ് കണ്ണൂര്‍. എസ്.എസ്.എല്‍.സി പരീക്ഷ ലക്ഷ്യമാക്കി ഇ മുകുളം പദ്ധതിയില്‍ തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ക്ക് മറ്റു ജില്ലകളിലും ആവശ്യക്കാരേറെയാണ്. തങ്ങളുടെ കുട്ടികള്‍ ഇ-മുകുളം പദ്ധതി പ്രകാരമുള്ള പഠനസാമഗ്രികളും മാതൃകാ ചോദ്യപ്പേപ്പറുകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന കാര്യം അധ്യാപകരുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും കെ.വി സുമേഷ് പറഞ്ഞു. എല്ലാ സ്‌കൂളിലും പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ അധ്യാപകര്‍ക്കൊപ്പം പി.ടി.എ കമ്മിറ്റികളും ജനപ്രതിനിധികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആവശ്യമുള്ള സ്ഥലങ്ങളില്‍ കുട്ടികളുടെ വീടുകളുമായി സമ്പര്‍ക്കം പുലര്‍ത്തണം. പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കൃത്യമായ അവലോകനം സ്‌കൂളുകളില്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഡി.ഡി.ഇ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി ഒന്നു മുതല്‍ ജില്ലയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി ഗൗരി, പി ജാനകി ടീച്ചര്‍, തോമസ് വര്‍ഗീസ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു കരുണാകരന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ പ്രഭാകരന്‍, ആര്‍.എം.എസ്.എ അസി. പ്രൊജക്ട് ഓഫീസര്‍ കെ.എം കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.എന്‍.സി/239/2018
- Log in to post comments