Skip to main content

റിപ്പബ്ലിക് ദിന പരേഡ് : മന്ത്രി ടി.പി. രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും

റിപ്പബ്ലിക്ദിന പരേഡിനോടനുബന്ധിച്ച് ജനുവരി 26 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ച് പരേഡിനെ അഭിസംബോധനം ചെയ്യും. റിപ്പബ്ലിക് പരേഡ് പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചു കൊണ്ട് നടത്തുന്നതിന് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.
പരേഡിന് മുന്നോടിയായി നഗരസഭ പരിധിയിലെ സ്‌കൂളുകളെ പങ്കടുപ്പിച്ച് രാവിലെ എഴുമണിക്ക് സിവില്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാതഭേരി നടത്തും. പ്രഭാത ഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശിഷ്ടാതിഥി രാവിലെ 8.08 ന് സിവില്‍ സ്റ്റേഷനിലള്ള യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കും. തുടര്‍ന്നായിരിക്കും പരേഡില്‍ പങ്കെടുക്കുക.
 രാവിലെ 8.30 ന് എം.എസ്.പി. ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ സായുധസേന വിഭാഗത്തിലെ ഏഴ് ബറ്റാലിയനുകള്‍ പങ്കെടുക്കും. ഇതിനു പുറമെ ജില്ലയിലെ കോളേജുകളില്‍ നിന്നും നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍ നിന്നുമുള്ള എന്‍.സി.സി, സ്‌കൗട്ട്‌സ് - ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്റ്റുഡന്‍സ് പൊലീസ് വിഭാഗങ്ങളും അണിചേരും.        പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീരാമ ടി. നേതൃത്വം നല്‍കും എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ് സെക്കന്റ് ഇന്‍ കമാന്‍ഡന്റ് ആയിരിക്കും. സേനാംഗങ്ങള്‍ക്കുള്ള റിഹേഴ്‌സല്‍ ജനുവരി 22, 23, 24 തീയതികളില്‍ എം.എസ്.പി.ഗ്രൗണ്ടില്‍ നടക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, മികച്ച രീതിയില്‍ അലങ്കരിക്കുന്ന നഗരസഭ പരിധിയിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
എം.പി, എം.എല്‍.എ. തുടങ്ങിയ ജനപ്രതിനിധികള്‍, വകുപ്പതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരേഡ് കാണാന്‍ എത്തും. പരേഡ് വീക്ഷിക്കാന്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.  പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എ.ഡി.എം ടി.വിജയന്‍ അധ്യക്ഷത വഹിച്ചു. എച്ച്.എസ്. ഗീത കണിശേരി, ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date