Skip to main content

കേട്ടെഴുതി, ഭാഷ പരിചയം പുതുക്കി ജീവനക്കാര്‍; വാക്യത്തിലും തര്‍ജുമയിലും കുഴങ്ങി

- പ്രശ്‌നോത്തരി മത്സരം നാളെ

ആലപ്പുഴ: ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ വിവിധ മല്‍സരങ്ങളില്‍ മികച്ച പങ്കാളിത്തം. സ്‌കൂള്‍ കാലഘട്ടത്തിനുശേഷം കേട്ടെഴുത്തു പരീക്ഷയില്‍ പലരും ആദ്യമായാണ് പങ്കെടുത്തത്. അധ്യാപകര്‍ പലരും സ്‌കൂളില്‍ കേട്ടെഴുത്ത് നടത്തുന്നവരാണെങ്കിലും ഇത്തരമൊരു പരീക്ഷയില്‍ പങ്കെടുത്തത് നവ്യാനുഭവമായി. 

ഭാഷ പരിചയ പരീക്ഷയില്‍ പദശുദ്ധി, വാക്യത്തില്‍ പ്രയോഗിക്കുക, തെറ്റുതിരുത്തല്‍ എന്നീ ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. അണുവിടയാണോ അണുകിടയാണോ ശരി, ഉയര്‍ത്താണോ ഉയിര്‍ത്താണോ, പിന്നാക്കമാണോ പിന്നോക്കമാണോ, പൊടുന്നനവേ ആണോ പൊടുന്നനേ ആണോ ശരിയെന്നറിയാതെ പലരും വട്ടംചുറ്റി. ഉത്തരോത്തരം, കടവാതില്‍ എന്നിവ എങ്ങനെ വാക്യത്തില്‍ പ്രയോഗിക്കണമെന്ന് അറിയാതെ കുഴങ്ങി ഭൂരിപക്ഷവും.

ഉത്തരോത്തരം അവര്‍ പ്രത്യക്ഷപ്പെട്ടുവെന്നും വാതില്‍ തുറന്നപ്പോള്‍ കടവാതില്‍ പറന്നുപോയെന്നും ആളില്ലാത്ത വീടുകള്‍ കടവാതിലുകളുടെ ആവാസ കേന്ദ്രമാണെന്നും യക്ഷിക്കഥകളിലെ സ്ഥിരം സാന്നിധ്യമാണ് കടവാതിലെന്നും വാക്യത്തില്‍ പ്രയോഗിച്ചു ചിലര്‍. ആളുകള്‍ ഏറെ തെറ്റിദ്ധരിക്കുന്ന സസ്തനിയാണെന്നും കടവാതിലുകള്‍ പകല്‍ ഇരതേടാറില്ലെന്നും എഴുതി. കടവാതിലും കടവാവലും തമ്മിലുള്ള അര്‍ത്ഥവ്യത്യാസം തിരിച്ചറിയുന്നതില്‍ അധ്യാപകരടക്കം കുഴങ്ങി.

ഭരണഭാഷ മലയാളമാണെങ്കിലും ഇംഗ്ലീഷ്-മലയാളം തര്‍ജുമ പരീക്ഷ കടുകട്ടിയായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. തര്‍ജുമയാണെന്ന് മറന്ന് മലയാളപദങ്ങള്‍ക്കിടയില്‍ ഇംഗ്‌ളീഷ് അക്ഷരങ്ങള്‍ എഴുതി ചിലര്‍. കവിത രചന മത്സരത്തില്‍ 'തുറന്ന ഫയല്‍ ജീവിതം' എന്നതായിരുന്നു വിഷയം. 

ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന്  കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍നിന്നുള്ള ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഏഴിന് നടക്കുന്ന  ഭരണഭാഷ വാരാഘോഷ  സമാപന ചടങ്ങില്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ ട്രഷറി സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരി മത്സരം നാളെ( നവംബര്‍ 6) ഉച്ചയ്ക്ക് 2.30ന് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
 

date