Skip to main content
assembly 2

നിയമസഭാ ചരിത്രം - ചിത്രങ്ങളിലൂടെ

സംസ്ഥാനത്തിന്റെ നിയമസഭാ ചരിത്രം പത്രകട്ടിംങ്ങുകളിലൂടെയും ഫോട്ടോകളിലൂടെയും അനാവരണം ചെയ്യുന്ന പ്രദര്‍ശനം മഹാരാജാസ് കോളേജ് മെയിന്‍ ഹാളില്‍ തുടങ്ങി. നവംബര്‍ 6 7 തീയതികളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കേരള രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ പ്രധാന ഏടുകള്‍ ഫോട്ടോകളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കേരള നിയമസഭ നിലവില്‍ വരുന്നതിനു മുമ്പ് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗങ്ങളായിരുന്ന മലയാളികളായ അമ്പാട്ട് ശിവരാമമേനോന്‍, എന്‍ ഗോപാലമേനോന്‍,  കോങ്ങാട്ടില്‍ രാമന്‍മേനോന്‍ തുടങ്ങിയവരുടെയും പഴയ കൊച്ചി നിയമസഭാ കൗണ്‍സില്‍ അംഗങ്ങളുടെയും തിരുവിതാംകൂര്‍ കൗണ്‍സില്‍ അംഗങ്ങളുടെയും ഫോട്ടോകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1928-ലെ ശ്രീമൂലം പ്രജാസഭ അംഗങ്ങളുടെയും 1947 മുതല്‍ 56 വരെയുള്ള നിയമനിര്‍മ്മാണ സഭകളിലെ അധ്യക്ഷ•ാരുടെയും കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പരൂര്‍ ടി കെ നാരായണപിള്ള,  പട്ടം താണുപിള്ള, ടി.കെ നായര്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍   തുടങ്ങി പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും രാഷ്ട്രീയസാമൂഹ്യ ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരുടെ സ്മരണ നിയമസഭാമ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രദര്‍ശനത്തിലുണ്ട്.

1950-ല്‍ തിരു-കൊച്ചി നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ലോക്‌സഭാ സ്പീക്കര്‍ ജി വി മാവ്‌ലങ്കറിന്റെ ഫോട്ടോയും തിരു-കൊച്ചി സംയോജന റിപ്പോര്‍ട്ട് ഒപ്പുവയ്ക്കുന്ന എന്‍ എം ബുച്ചിന്റെ ഫോട്ടോയും ചരിത്രവിദ്യാര്‍ഥികളില്‍ മാത്രമല്ല താല്പര്യം ജനിപ്പിക്കുക.

പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള 1948 ലെ തിരുവിതാംകൂര്‍ മന്ത്രിസഭ, കൊച്ചിയിലെ ഒന്നാം ജനകീയ മന്ത്രിസഭ, 1949-ല്‍ തിരുവനന്തപുരത്ത് തിരു-കൊച്ചി സംയോജന ചര്‍ച്ചയ്‌ക്കെത്തിയ കൊച്ചിയിലെ പരീക്ഷിത്ത് തമ്പുരാനെ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് സ്വീകരിക്കുന്ന ചിത്രം, 1948 കൊച്ചി സന്ദര്‍ശിച്ച മൗണ്ട് ബാറ്റണ്‍ കൊച്ചി പ്രധാനമന്ത്രി ടി കെ നായരോടൊപ്പം എടുത്ത ചിത്രം തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.

 

1957 മുതല്‍ നിയമസഭാ അസംബ്ലിയിലെ ഗവര്‍ണര്‍മാര്‍, സ്പീക്കര്‍മാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മുഹൂര്‍ത്തങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റു അബ്ദുല്‍ കലാം തുടങ്ങിയവരുടെ കേരള സന്ദര്‍ശനവേളയിലുള്ള ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. 

വൈക്കം സത്യാഗ്രഹം,  കൊച്ചിയില്‍ ഉത്തരവാദിത്ത ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പത്രറിപ്പോര്‍ട്ട്, 1928-ല്‍ സൈമണ്‍ കമീഷനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള പത്രറിപ്പോര്‍ട്ട് തുടങ്ങി പഴയ പത്രങ്ങളുടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളും ജനങ്ങളില്‍ താല്‍പര്യമുണ്ടാകും. 

പ്രദര്‍ശനം ഇന്ന് (നവംബര്‍ 7) വൈകീട്ട് 5-ന് സമാപിക്കും.

കേരളനിയമസഭ നടത്തിയ നിയമനിര്‍മാണങ്ങള്‍ വ്യവസായ പുരോഗതിയില്‍ വഹിച്ച പങ്കിനെക്കുറിച്ചുള്ള സെമിനാറും മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ചിരുന്നു. 

നവംബര്‍ 7-ന് രാവിലെ 11-ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോയറിയത്തില്‍ സംഘടിപ്പിക്കുന്ന മത്സരം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

date