പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടും: മന്ത്രി രാജു പട്ടണക്കാട് ക്ഷീരഗ്രാമം പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: പാല്‍ ഉല്‍പ്പാദനത്തില്‍ ഉടനെ സംസ്ഥാനം സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. പട്ടണക്കാട് ബ്ലോക്കിലെ ക്ഷീര കര്‍ഷക സംഗമവും ക്ഷീരഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഷിക വൃത്തിയില്‍ മുന്നിട്ട് നില്‍ക്കുന്ന പട്ടണക്കാട് പഞ്ചായത്തിനെ ക്ഷീര ഗ്രാമം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തതിലൂടെ നിരവധി ക്ഷീര കര്‍ഷകര്‍ക്ക് സഹായം നല്‍കാനാകും. മികച്ച പശുക്കളെ വാങ്ങാനായി അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന കര്‍ഷകര്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്നുണ്ട്. മികച്ച പശുക്കളെ സംസ്ഥാനത്ത് തന്നെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്. വെള്ളപ്പൊക്കം ഏറെ ബാധിച്ച സ്ഥലങ്ങളിലെ കന്നുകാലികളെ സംരക്ഷിക്കാന്‍ തകഴി, നെടുമുടി പഞ്ചായത്തുകളില്‍ പൊതു കന്നുകാലി തൊഴുത്ത് നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. ക്ഷീര ഗ്രാമം പദ്ധതിയിലൂടെ പട്ടണക്കാട് പഞ്ചായത്ത് പാല്‍ ഉത്പ്പാദന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കും. കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും വകുപ്പ് മന്ത്രിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് പഞ്ചായത്തിന് അനുവദിച്ച 50 ലക്ഷം രൂപയുടെ ധനസഹായം പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദിന് മന്ത്രി കെ. രാജു കൈമാറി. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കുണ്ടയില്‍ രാധാകൃഷ്ണനുള്ള പുരസ്‌കാര ദാനവും മന്ത്രി നിര്‍വ്വഹിച്ചു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി വിനോദ്, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദ്, റ്റി.ആര്‍.സി.എം.പി.യു. ചെയര്‍മാന്‍ കല്ലട രമേശ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീര വികസന സെമിനാറില്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ നസീം ടി. ഹനീഫ്, റിട്ട. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ എം.ബി സുഭാഷ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. കന്നുകാലി- കന്നുകുട്ടി പ്രദര്‍ശന മത്സരം, പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പ് കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവയും നടത്തി.
(ചിത്രം)
ലൈഫ് മിഷന്‍:
ജില്ലയിലെ ആദ്യ കുടുംബ സംഗമത്തിന് തുടക്കമായി
-സ്വപ്ന സാക്ഷാത്കാര നിറവില്‍ ലൈഫ് കുടുംബങ്ങള്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഒത്തുചേരലിന്റേയും ആഘോഷത്തിന്റേയും വേദിയായി. 'ലൈഫ്' എന്ന വലിയ കുടക്കീഴില്‍ ഒത്തുചേര്‍ന്ന എല്ലാവരും സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവിലായിരുന്നു. കുടുംബ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഓരോ അംഗത്തിന്റേയും മുഖത്ത് ആ സന്തോഷം പ്രകടമായിരുന്നു. സംസ്ഥാന തലത്തില്‍ ലൈഫ് മിഷന്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് മുന്നോടിയായാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കുടുംബ സംഗമം നടത്തുന്നത്. ജില്ലയിലെ ആദ്യ കുടുംബ സംഗമമായിരുന്നു ആര്യാട് ബ്ലോക്കിലേത്.
മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് എന്നീ ഗ്രാമപഞ്ചായത്തുകളിലായി 1398 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 55 കോടി 92 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലൈഫ് മിഷന്‍, ജില്ല- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം ഉള്‍പ്പെടെ 4 ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. 1100 വീടുകളുടെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായി.
കലവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സംഗമത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളടക്കം 842 പേര്‍ പങ്കെടുത്തു. ഇവര്‍ക്കാവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തോടെ നടത്തിയ അദാലത്ത് ഗുണഭോക്താക്കള്‍ക്ക് സഹായകമായി.
കുടുംബ സംഗമം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. സ്വന്തമായൊരു വീടെന്ന സ്വപ്ന സാക്ഷാത്കാരത്തില്‍ നിന്നും ഓരോ ഗുണഭോക്താവിനും ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്നു എംപി പറഞ്ഞു. എല്ലാവര്‍ക്കും വീട് എന്നത് വലിയൊരു മുന്നേറ്റമാണ്. കേരളത്തിന്റെ വളര്‍ച്ചക്ക് ലൈഫ് മിഷന്‍ പോലെയുള്ള കര്‍മ പദ്ധതികളാണ് അവശ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. രജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം.എസ്. സന്തോഷ്, ജയലാല്‍, കവിത ഹരിദാസ്, ഇന്ദിര തിലകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. സ്‌നേഹജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജയന്‍ തോമസ്, ജില്ല ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ലൈഫ് മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പഞ്ചായത്തുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.
(ചിത്രം)
ലൈഫ് മിഷന്‍ കുടുംബസംഗമം:
ഗുണഭോക്താക്കള്‍ക്ക് തുടര്‍സേവനങ്ങള്‍ ഉറപ്പാക്കി
വിവിധ വകുപ്പുകള്‍
ആലപ്പുഴ: തലചായ്ക്കാനൊരു ഇടം എന്നതില്‍ ഒതുങ്ങാതെ മെച്ചപ്പെട്ട ജീവിതത്തിനായി തുടര്‍ സേവനങ്ങളും ഉറപ്പുവരുത്തുകയാണ് കുടുംബ സംഗമത്തിലൂടെ ലൈഫ് മിഷന്‍ അധികൃതര്‍. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലൈഫ് ഗുണഭോക്താക്കള്‍ക്കായി വിവിധ വകുപ്പുകളുടെ സേവനവുമുണ്ടായിരുന്നു. വിവിധ വകുപ്പുകളിലായി 842 അപേക്ഷകള്‍ അദാലത്തില്‍ ലഭിച്ചു. ഇതില്‍ പകുതിയിലേറെ അപേക്ഷകള്‍ക്ക് പരിഹാരം കണ്ടു. ബാക്കിയുള്ളവയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഗ്രാമവികസനം, വ്യവസായം, കൃഷി, ആരോഗ്യം, പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസനം, ദാരിദ്ര്യ ലഘൂകരണം, കുടുംബശ്രീ, അക്ഷയ, ലീഡ് ബാങ്ക്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങി പതിനാറോളം വകുപ്പുകളുടെ സേവനം ഒരുക്കിയിരുന്നു. ദാരിദ്ര്യ ലഘൂകരണ ഭക്ഷ്യ വിതരണ വകുപ്പില്‍ ലഭിച്ച 94 അപേക്ഷകള്‍ 23 എണ്ണം തീര്‍പ്പാക്കി. അക്ഷയയില്‍ നിരവധി പേര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ എടുക്കാനും, തെറ്റുതിരുത്താനുമായെത്തി. വീട്ടു നമ്പര്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഗ്രാമ വികസന വകുപ്പിന്റെ സ്റ്റാളില്‍ നിന്നും നല്‍കി. ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുടെ ജീവിതശൈലി രോഗങ്ങളുടെ പരിശോധനയും, കൃഷി, വ്യവസായം, ഫിഷറീസ്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളിലൂടെ വിവിധ സേവനങ്ങള്‍, പദ്ധതികള്‍, അനുകുല്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള അവബോധം നല്‍കി.
അമ്പലപ്പുഴ ബ്ലോക്കിലെ ലൈഫ് മിഷന്‍ കുടുംബ സംഗമം
ജനുവരി 11ന്
ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് മുന്നോടിയായുള്ള അവലോകന യോഗം ചേര്‍ന്നു. ജനുവരി 11ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുുകള്‍ നല്‍കുന്ന സേവനങ്ങളും, മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ബ്ലോക്ക് പരിധിയില്‍ 756 ലൈഫ് ഗുണഭോക്താക്കളാണുള്ളത്. അക്ഷയ, ഫിഷറീസ്, കൃഷി, ആരോഗ്യം, ഗ്രാമ വികസനം, കുടുംബശ്രീ, വനിതാ ശിശു സംരക്ഷണം, പട്ടിക ജാതി സാമൂഹിക ക്ഷേമം, ശുചിത്വ മിഷന്‍ തുടങ്ങി പതിനെട്ടോളം വകുപ്പുകളുടെ സേവനം സംഗമത്തില്‍ ലഭ്യമാകും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനൊപ്പം തുടര്‍ നടപടികളും കൈക്കൊള്ളും. യോഗത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജെ ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലയിലെ ആദ്യ മൊബൈല്‍ ക്രഷ് അരൂരില്‍
ആലപ്പുഴ: മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കുമായി ജില്ലയിലെ ആദ്യ മൊബൈല്‍ ക്രഷ് ഒരുങ്ങുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ അരൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് മൊബൈല്‍ ക്രഷിന്റെ പ്രവര്‍ത്തനം.
കുഞ്ഞുങ്ങളുടെ സംരക്ഷണവും പോഷണവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന മൊബൈല്‍ ക്രഷ് പദ്ധതി മറുനാടന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകും. തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് പകല്‍സമയത്ത് സുരക്ഷിതമായ പരിചരണം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോലിക്ക് പോകുന്നവര്‍ക്കിനി കുഞ്ഞുങ്ങളെയും കൂട്ടി തൊഴിലിടങ്ങളിലേക്ക് പോകേണ്ട. മാതാപിതാക്കള്‍ മടങ്ങിയെത്തുന്നതുവരെ കുട്ടികളെ സംരക്ഷിക്കാനും പരിചരിക്കാനുമുള്ള സൗജന്യ സേവനപദ്ധതിയാണിത്.
ആലപ്പുഴയിലെ അതിര്‍ത്തി ഗ്രാമമായ അരൂര്‍ എറണാകുളം ജില്ലയോട് ഏറെ അടുത്ത് നില്‍ക്കുന്ന പ്രദേശമാണ്. നിരവധി മത്സ്യകമ്പനികളും ഇവിടെയുണ്ട്. അന്യ നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമെന്ന രീതിയിലാണ് അരൂരില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ക്രഷിലേക്ക് നാല് ജീവനക്കാരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാനുള്ള വാഹനവും ഇവിടെ സജ്ജമാക്കും.
രാവിലെ മുതല്‍ വൈകിട്ട് വരെ ആറുവയസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ സംരക്ഷണം നല്‍കുന്നത്. പോഷക സമ്പന്നമായ ഭക്ഷണവും ഇവിടെ നിന്നും നല്‍കും. രണ്ട് ഷിഫ്റ്റിലായി നാല് ജീവനക്കാരാണ് കുട്ടികളെ ശുശ്രൂഷിക്കുന്നത്. കൈക്കുഞ്ഞുങ്ങള്‍ക്കായി ആട്ടുതൊട്ടിലുമുണ്ട്.
കുഞ്ഞുങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മൊബൈല്‍ ക്രഷില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുനിത പ്രഭാകരന്‍ പറഞ്ഞു. ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ ടി.വി മിനിമോള്‍, ബ്ലോക്ക് ലെവല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ യു.ജെ ശില്‍പ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. അരൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് അംഗം മേരി ട്രീസയും പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
- Log in to post comments