Skip to main content

ജില്ലയുടെ വികസനം; സംയുക്ത പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍

കോട്ടയം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കും. ഇതിന്‍റെ ഭാഗമായി ഉറവിട മാലിന്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ക്ലീന്‍ കോട്ടയം, ഗ്രീന്‍ കോട്ടയം പദ്ധതി അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അജൈവ മാലിന്യ സംസ്കരണത്തിനും നടപടി സ്വീകരിക്കും. ജില്ലാ ആസൂത്രണ സമിതി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

 ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ സ്കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇതിനായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ നിശ്ചിത അനുപാതത്തി ല്‍ തുക വകയിരുത്തും.

മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടി നടപ്പാക്കും.  സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തും. ജല സ്രോതസുകള്‍ വീണ്ടെടുക്കുന്നതിനും പ്രളയക്കെടുതികള്‍ കുറയ്ക്കുന്നതിനുമായി സുജലം പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കാനും യോഗം തീരുമാനിച്ചു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി യംഗം എം.പി സന്തോഷ്കുമാര്‍ അധ്യക്ഷനായിരുന്നു. ആസൂത്രണ സമിതിയിലെ  സര്‍ക്കാര്‍ നോമിനി വി.പി. റെജി, സമിതി അംഗങ്ങള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date