Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സദ്ഭാവന കൂട്ടായ്മ കമാന്‍ഡോ മനേഷ് പി വി ശൗര്യചക്ര ഉദ്ഘാടനം ചെയ്യുന്നു.

കളക്ടറേറ്റിന് വിസ്മയമായി സദ്ഭാവന

റിപ്പബ്ലിക്ദിന തലേന്ന് ദേശസ്‌നേഹവും സ്വാഭിമാനവും നിറച്ച് കളക്ടറേറ്റില്‍ സദ്ഭാവന എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.  മുംബൈ ഭീകരാക്രമണത്തില്‍ മാരകമായി പരിക്കേറ്റ് മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ച പിടിച്ച കമാന്‍ഡോ മനേഷ് പി വി ശൗര്യചക്ര,  ജീവനക്കാരും എന്‍ സി സി കേഡറ്റുകളും യുവജനങ്ങളുമായി സംവദിച്ചപ്പോള്‍ അന്ധതയുടെ ആക്രമണത്തില്‍ പതറാതെ കവിതയും  മോണോ ആക്ടുമായി ശിശുക്ഷേമവകുപ്പിന്റെ ഉജ്വലബാല്യപുരസ്‌കാര ജേതാവ് മാസ്റ്റര്‍ ഗോകുല്‍രാജ് ഏവരെയും വിസ്മയിപ്പിച്ചു. രാജ്യത്തെ സേവിക്കാനും സംരക്ഷിക്കാനും ഓരോ സൈനികനും ജീവന്‍ ബലിയര്‍പ്പിച്ച് പൊരുതുമ്പോള്‍  അനാവശ്യ വിവാദങ്ങളുമായി വെട്ടിമരിക്കുന്ന തലമുറ ഒരിക്കലും രാഷ്ട്രത്തിന് ഭൂഷണമല്ലെന്ന് കമാന്‍ഡോ മനേഷ് പറഞ്ഞു. രാഷ്ട്രത്തിന് മാതൃകയായി പരസ്പരം സേവിച്ചും സ്‌നേഹിച്ചും സംവദിച്ചും ജീവിക്കേണ്ടവരാണ് നമ്മള്‍. വൈകാരികതയല്ല വിചാരമാണ് നമ്മെ നയിക്കേണ്ടത്. രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെയാണ് പൊരുതേണ്ടത്.  രാഷ്ട്രത്തിനകത്തല്ല എന്നദ്ദേഹം പറഞ്ഞു. അയ്യപ്പപണിക്കരുടെ കവിതയും ഏതാനും താരങ്ങളുടെയും ജീവികളുടെയും ശബ്ദാനുകരണവും നടത്തി ഏവരെയും അദ്ഭുതപ്പെടുത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഗോകുല്‍രാജ് അന്ധതയ്‌ക്കെന്നല്ല ഒരു ശക്തിക്കും തന്നിലെ ആവേശത്തെ കെടുത്താനാവില്ലെന്ന സന്ദേശമാണ് നല്‍കിയത്. ജീവിതത്തില്‍ നേടാവുന്നതെല്ലാം നേടുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയമാണ് ഗോകുല്‍രാജില്‍ തെളിഞ്ഞ്കണ്ടത്. 
    ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ അധ്യക്ഷതയില്‍  കമാന്‍ഡോ മനേഷ് പി വി ശൗര്യചക്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അനുമോദന ഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി, പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി എന്നിവര്‍ ആശംസ നേര്‍ന്നു. എഡിഎം എന്‍ ദേവിദാസ് സ്വാഗതവും ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ നന്ദിയും പറഞ്ഞു.
 

date