Skip to main content

സ്ത്രീ സുരക്ഷ: സംസ്ഥാനതല ബോധവത്കരണ സെമിനാര്‍ ഫെബ്രുവരി ആറിന് കണ്ണൂരില്‍

സംസ്ഥാന വനിതാ കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് കണ്ണൂരില്‍ സംസ്ഥാനതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാര്‍ഹിക പീഡനം മുഖ്യവിഷയമാക്കി നടത്തുന്ന സെമിനാറുകള്‍ക്ക് ഇതോടെ തുടക്കമാവുമെന്ന് കമ്മീഷനംഗം ഇ.എം രാധ പി.ആര്‍.ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരിയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, കൂത്തുപറമ്പ്, ധര്‍മ്മടം, തലശ്ശേരി എന്നിവിടങ്ങളിലും സെമിനാറുകള്‍ നടത്തും. മറ്റ് ജില്ലകളിലും ഇതേ മാതൃകയില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
കണ്ണൂരിലെ സെമിനാര്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സന്‍ ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. 'സൈബര്‍ ലോകത്തിലെ കെണികള്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ ഡോ. സുനില്‍, 'സ്ത്രീ സുരക്ഷാ നിയമം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി. സുരേശന്‍, 'സ്ത്രീയും സമൂഹവും' എന്ന വിഷയത്തില്‍ എന്‍. സുകന്യ എന്നിവര്‍ സംസാരിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മറ്റ് ജനപ്രതിനിധികള്‍, മഹിളാ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏപ്രില്‍ ആറ് മുതല്‍ കലാലയ ജ്യോതി എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഞ്ചായത്തുകള്‍, കുടുംബശ്രീ, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചും കമ്മീഷന്‍ ബോധവത്കരണം നടത്തും. പ്രീമാരിറ്റല്‍ കൗണ്‍സലിംഗും സംഘടിപ്പിക്കും. മത്സ്യത്തൊഴിലാളി, ആദിവാസി മേഖലകളിലും ബോധവത്കരണം നടത്തുമെന്നും കമീഷന്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും ഇ.എം. രാധ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പി.എന്‍.സി/244/2018

date