Skip to main content

സിവിൽ ഡിഫൻസ് പദ്ധതി: പരിശീലനം പൂർത്തിയാക്കി കൊടുങ്ങല്ലൂരിലെ വളണ്ടിയർമാർ

സിവിൽ ഡിഫൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേഷൻ തല പരിശീലനം പൂർത്തിയാക്കി കൊടുങ്ങല്ലൂരിലെ വളണ്ടിയർമാർ. ആറു ദിവസം കൊണ്ടാണ് 50 പേർ പരിശീലനം പൂർത്തിയാക്കിയത്. കൊടുങ്ങല്ലൂർ അഗ്നിരക്ഷാ നിലയത്തിന് കീഴിൽ ഓൺലൈൻ വഴിയാണ് ഇവർ പരിശീലനത്തിന് അപേക്ഷിച്ചത്. പരിശീലനം പൂർത്തിയായ ഇവർക്ക് ജില്ലാ തലത്തിലും അവിടെനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഗ്പൂർ ദേശീയ അഗ്നിരക്ഷാ പ്രതിരോധ അക്കാദമിയിലുമായി വിദഗ്ധ പരിശീലനം നൽകും.
കൊടുങ്ങല്ലൂരിൽ പരിശീലനത്തിനിടെ കോട്ടപ്പുറത്ത് പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന 50 വാഹനങ്ങൾക്ക് തീ പിടിച്ചപ്പോൾ സേനയും വളണ്ടിയർമാരും രംഗത്തിറങ്ങിയത് ശ്രദ്ധേയമായിരുന്നു. സ്റ്റേഷൻ തല പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരും അഗ്നിരക്ഷാസേനാംഗങ്ങളും പരിസരവാസികളും ചേർന്ന സൗഹൃദ സംഗമവും പുല്ലൂറ്റ് അഗ്നിരക്ഷാ നിലയത്തിൽ നടന്നു. സംഗമത്തിൽ റിട്ട. എക്സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ ജമാൽ, ഫൈസൽ കോറോത്ത്, സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്ര നാഥ് എന്നിവർ പങ്കെടുത്തു.
അടിക്കുറിപ്പ്: പുല്ലൂറ്റ് അഗ്നിരക്ഷാ നിലയത്തിൽ നടന്ന സിവിൽ ഡിഫൻസ് അക്കാദമി സ്റ്റേഷൻ തല പരിശീലകരുടെയും അഗ്നി രക്ഷാസേന അംഗങ്ങളുടെയും കുടുംബ സംഗമം

date