Skip to main content

മാലിന്യ സംസ്‌കരണത്തില്‍ മാതൃക സൃഷ്ടിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

 

 

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പരിഹാരമാവുകയാണ് ബ്ലോക്കിന് കീഴിലെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്. 2016- 2017 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് 7.5 എച്.പി കപ്പാസിറ്റിയുള്ള മെഷീന്‍ ഉള്‍പ്പെടുന്ന യൂണിറ്റ് സ്ഥാപിച്ചത്. ബ്ലോക്കിനു കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഹരിത കര്‍മസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ യൂണിറ്റില്‍ എത്തിച്ചു സംസ്‌കരിക്കും. വീടുകളില്‍ നിന്നും 10 മുതല്‍ 25 രൂപ നിരക്കിലും, കടകളില്‍ നിന്നും 50 മുതല്‍ 100 രൂപ നിരക്കിലുമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്.

ഇതുവരെ ഇരുപതിനായിരം കിലോയോളം പ്ലാസ്റ്റിക്കാണ് സംസ്‌ക്കരിച്ചിട്ടുള്ളത്. കര്‍മ സേനകള്‍ വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് തരം തിരിച്ചു സംസ്‌കരിക്കുന്നു. ഷ്രഡ് ചെയ്ത പ്ലാസ്റ്റിക്കുകള്‍ ഗ്രീന്‍ കേരള കമ്പനിക്കു 15രൂപ നിരക്കിലാണ് നല്‍കുന്നത്. അഞ്ചു തൊഴിലാളികളാണ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലോക്കിന് പുറത്തുള്ള പഞ്ചായത്തുകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്.
പ്ലാസ്റ്റിക് നിരോധനം കൊണ്ട് പെട്ടെന്ന് പ്ലാസ്റ്റിക് കുറയ്ക്കാന്‍ കഴിയില്ലെന്നും തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണവും മാലിന്യ സംസ്‌കരണ രീതികളും സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാവൂവെന്നും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണവും ഉറവിട മാലിന്യ സംസ്‌കരണം, മാലിന്യം തരം തിരിച്ചുള്ള സംസ്‌കരണം എന്നിവയില്‍ പരിശീലനം നല്‍കാന്‍ തിരുമാനിച്ചത്.

 

date