Skip to main content

കായിക മേഖലയിൽ പുതിയ മുന്നേറ്റങ്ങൾക്ക് യുവതലമുറ സജ്ജരാകണം: ജില്ലാ കളക്ടർ

കൊച്ചി: കായിക മേഖലയിൽ പുതിയ മുന്നേറ്റങ്ങൾക്ക് യുവതലമുറ സജ്ജരാകണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അഭിപ്രായപ്പെട്ടു. കാക്കനാട് ഇൻഫോ പാർക്കിന് സമീപം ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷിന്റെ നേതൃത്വത്തിലാരംഭിച്ച സ്പോർട്സ് സിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രതീക്ഷക്കൊത്തുയരാൻ പ്രതിഭകളെ പ്രാപ്തരാക്കുന്ന സ്ഥാപനങ്ങളും വളർന്നു വരണമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഒളിംപ്യൻ പി.ആർ.ശ്രീജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെന്നി ബഹനാൻ എം.പി, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.വി.ശ്രീനിജിൻ, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ.വേലായുധൻ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. പ്രഭാകരൻ, മുൻ കളക്ടർമാരായ കെ.ആർ.വിശ്വംഭരൻ, എം.പി.ജോസഫ്, സംവിധായകൻ ആഷിക് അബു, ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു, പി.പി.അബൂബക്കർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിസാർ ഇബ്രാഹീം തുടങ്ങിയവർ പ്രസംഗിച്ചു. സ്പോർട്സിറ്റിയുടെ അംഗത്വ വിതരണോദ്ഘാടനവും കളക്ടർ നിർവഹിച്ചു .

കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ  ഫുട്ബോൾ ഗ്രൗണ്ട്, 4000 പേർക്ക് കളി കാണാനുള്ള സൗകര്യം, റോളർസ് കേറ്റിങ്ങ് പിച്ച്, റോൾ ബോൾ കോർട്ട്, ബാസ്കറ്റ് ബോൾ കോർട്ട്, ഓപ്പൺ യോഗ കോർട്ട് തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 10 ഷട്ടിൽ കോർട്ടുകൾ, ഹൈടെക് ജിം, റസ്റ്റോറന്റ്, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കും. ജനങ്ങളിൽ കായിക മേഖലകളോട് ആഭിമുഖ്യം ഉണ്ടാക്കുക എന്നതിനോടൊപ്പം വിവിധ കായിക ഇനങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളെ വളർത്തിയെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ ഇവിടെ സ്പോർട്സ് അക്കാഡമിയും സ്ഥാപിക്കും.ഇതിനായി വിദേശത്തും സ്വദേശത്തു മുള്ള പ്രഗൽഭരായ പരിശീലകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് പി.ആർ.ശ്രീജേഷ് അറിയിച്ചു.

date