പുഞ്ചത്തോട് വൃത്തിയാകും; ശാശ്വതപരിഹാരവുമായി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ
കൊച്ചി: വൈറ്റില സെന്റ് റീത്താസ് റോഡിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ ശാശ്വത പരിഹാരമാകുന്നു. ഇവിടെയുള്ള പുഞ്ചത്തോടിനെ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനായുള്ള നടപടികള്‍ക്ക് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിൽ തുടക്കമായി. ഡിവിഷൻ 48ൽ ഉൾപ്പെടുന്ന പ്രദേശം സന്ദര്‍ശ്ശിച്ച ജില്ലാ കളക്ടര്‍ എസ്. സുഹാസ് പദ്ധതി വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുഞ്ചത്തോട് യുദ്ധകാല അടിസ്ഥാനത്തില്‍ ചെളികോരി വൃത്തിയാക്കുന്നതോടെ ഇതിലൂടെയുള്ള നീരൊഴുക്ക് സുഗമമാകും. തോട് വൃത്തിയാക്കുന്നതിനായി ഏഴര ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. സെന്റ് റീത്താസ് റോഡിനും ഗോള്‍ഡ് സൂക്കിന് സമീപവും വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി പുഞ്ചത്തോടിനെ ബന്ധിപ്പിച്ച് കാന നിര്‍മ്മിക്കും. കാനയിലൂടെ പുഞ്ചത്തോടിലേക്ക് എത്തിക്കുന്ന വെള്ളം കണിയാമ്പുഴയിലേക്ക് ഒഴുകി എത്തുന്ന വിധമാണ് പദ്ധതി പൂര്‍ത്തിയാക്കുക. പുതിയ കാനയുടെയും അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി 25.22 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുഞ്ചത്തോട് ശുചീകരണവും കാനനിര്‍മ്മാണവുമടക്കമുള്ള പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല എല്‍.എസ്.ജി.ഡി എറണാകുളം ഡിവിഷനാണ്.
- Log in to post comments