Skip to main content
ഗദ്ദിക മേളയില്‍ അനുഭവപ്പെട്ട തിരക്ക്‌

തലമുറയുടെ താളം പിടിച്ച് ഊരാളിക്കൂത്തും യുവതയുടെ ചുവടുമായി ചവിട്ടുകളിയും ഗദ്ദിക മേള അഞ്ചുനാള്‍ പിന്നിട്ടു

'തെക്കേതെരുവിലും തേരോടുംവീഥിക്കും മത്താളക്കാരനെ വെച്ചിരുന്തേ, വെച്ചിരുന്തേ ചാമി വെച്ചിരുന്തേ എത്തിനേ നേരം വെച്ചിരുന്തേ'  വായ്പ്പാട്ടിനും കാടിന്റെ അത്മാവറിഞ്ഞ മത്താളത്തിനും ചുവടുവെച്ച് ഊരാളികൂത്ത്.
ഊരാളി ഗോത്രക്കാരുടെ മണ്‍മറയുന്ന ഈ ആട്ടവും കൂത്തും പുനരുജ്ജീവിക്കുകയാണ് ഗദ്ദികവേദിയിലൂടെ.കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തര ചടങ്ങിലും കാത്കുത്ത്, തിരണ്ടു കല്ല്യാണത്തിനുമാണ് ഊരാളിക്കൂത്ത് നടത്തിയിരുന്നത്. ഇവരുടെ ജിവിതവും സംസ്‌ക്കാരവുമായി ബന്ധപ്പെട്ട എട്ടു ചുവടുകളാണ് കൂത്തിലുള്ളത്.  വായ്പ്പാട്ടിനൊപ്പം  മത്താളം, കിന്നീരം, ജാലറി, തുടങ്ങിയ പരമ്പരാഗത വാദ്യോപകരണങ്ങളും ഉപയോഗിക്കും. 12 സ്ത്രീകളാണ് നൃത്തം ചെയ്യുക.11 വായപ്പാട്ട് പാടും.കഥാകഥനപരമായ നിരവധി ആഖ്യാനങ്ങള്‍ ഒത്തുചേര്‍ന്നതും നാടകാവിഷ്‌കാരത്തിന്റെ രൂപമുള്ളതുമാണ് ഊരാളികൂത്ത്. ഇടുക്കി ആനക്കുഴിയിലെ പി കെ ബാലനും സംഘവുമാണ് പരിപാടി വേദിയിലെത്തിച്ചത്.
മലപ്പുറം ജില്ലയില്‍ പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ താലൂക്കുകളില്‍ പ്രചരിച്ചുവരുന്ന ചവിട്ടുകളിയും വെള്ളിയാഴ്ച്ച മേള നഗരിയെ സമ്പന്നമാക്കി. അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചും ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലും ഈ കലാരൂപം സാമൂഹ്യവിനോദ
മായി ആവിഷ്‌കരിച്ചുപോരുന്നു.കളിക്കാര്‍ വട്ടത്തില്‍ നിന്നാല്‍ സംഘനേതാവ് ഒരു പാട്ടിന്റെ വരികള്‍ ആലപിക്കും. മറ്റുള്ളവര്‍ അതേറ്റുപാടും. രണ്ടു പ്രാവശ്യം പാടിക്കഴിഞ്ഞാല്‍ ഒരു സവിശേഷ താളക്രമത്തില്‍ വട്ടമിട്ട് കയ്യാംഗ്യത്തോടെ നൃത്തം ചവിട്ടുകയായി. പാട്ടിന്റെ അവസാനഘട്ടമാ മാകുമ്പോള്‍ നൃത്തത്തിന് ചടുലത കൂടും. താളക്രമം മിക്കവാറും ഒന്നുതന്നെയായിരിക്കും. എന്നാല്‍ ചുവടുവെപ്പുകള്‍ വട്ടത്തിലും കുറുകെയുമു
ണ്ട്.പത്തു മുതല്‍ പതിനാറ് വയസ്സുവരെ പ്രായമുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നത്. മലപ്പുറത്തെ വള്ളുവമ്പ്രം റാന്തല്‍ നാടന്‍ കലാസംഘമാണ് ചവിട്ടുകളിയവതരിപ്പിച്ചത്.
സീതാകളി, തുടിതാളം നാടന്‍പാട്ടുകള്‍ എന്നിവയും അരങ്ങേറി. ഇത്തരത്തില്‍ ഒരോ ഗോത്ര വിഭാഗങ്ങളുടെയും അന്യംനിന്ന് പോകുന്ന കലാരുപങ്ങളെ പരിപോഷിപ്പിക്കുക കൂടിയാണ് ഗദ്ദിക വേദിയിലെ സാംസ്‌ക്കാരിക സദസ്സ്.  കൊറഗനൃത്തം, തുടികളി, മുടിക്കളി, കേത്രാട്ടം,പളിയ നൃത്തം, ചിമ്മാനക്കളി തുടങ്ങിയവ ഇതിനോടകം നഗരിയെ സമ്പന്നമാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കാക്കാരിശ്ശി നാടകം, മംഗലകളി, നൃത്തം, കൊലവയാട്ടം, സൊദോധിമി, കുറുമ്പ നൃത്തം,മുടിയാട്ടം, ആട്ട്പാട്ട്,മുളംചെണ്ട,കമ്പക്കളി, പുള്ളുവന്‍പാട്ടും തിരിയുഴിച്ചിലും, പടയണി, ഇരുളനൃത്തം എന്നിവ വേദിയിലെത്തും. നാടന്‍കലാ ഗവേഷകര്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ  ഉപയോഗ പ്രദമാകുന്നതരത്തിലാണ് കലാരൂപങ്ങള്‍ വേദിയിലെത്തുന്നത്.
വമ്പിച്ച ജനപങ്കാളിത്തത്തോടെ ഗദ്ദിക അഞ്ചുനാള്‍ പിന്നിട്ടു. ഇതുവരെ ഇരുപത് ലക്ഷം രൂപയുടെ വില്‍പ്പന നടന്നതായി സംഘാടകര്‍ അറിയിച്ചു. പകല്‍ സമയങ്ങളിലും മികച്ച തിരക്കും വില്‍പ്പനയുമാണ് ഒരോ സ്റ്റാളിലും അനുഭവപ്പെടുന്നത്. ഒരു കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിട്ട് ആരംഭിച്ച ഗദ്ദിക ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. 80 വില്‍പ്പന സ്റ്റാളുകളും 3 ഫുഡ് സ്റ്റാളുകളും 3 ഹീലിങ്ങ് സ്റ്റാളും അനുബന്ധ സ്റ്റാളുമുള്‍പ്പടെ 90 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

date