Skip to main content

രണ്ട് ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം; ജില്ലയിലെ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു

കാക്കനാട്: സംസഥാന സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് രണ്ട് ലക്ഷം ഭവനങ്ങൾ പൂർത്തീകരിച്ചതിന്റെ ജില്ലയിലെ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേർന്നു. ഈ മാസം 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ ആസ്ഥാനങ്ങളിൽ പൂർത്തീകരണ പ്രഖ്യാപന സമ്മേളനം നടത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശിച്ചു. ലൈഫ് പദ്ധതിയിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനമാണ് എറണാകുളം ജില്ല കാഴ്ചവെച്ചതെന്ന് ചൂണ്ടിക്കാട്ടിയ കളക്ടർ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ചു. 

      ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലെ ലൈഫ് ഗുണഭോക്താക്കളുടെ പേര് വിവരങ്ങളും ഫോട്ടോകളും സൂക്ഷിക്കണമെന്ന് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ് യോഗത്തിൽ നിർദ്ദേശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം തങ്ങളുടെ ആസ്ഥാനങ്ങളിൽ ആഘോഷ പരിപാടികളുടെ ഭാഗമായി പ്രദർശിപ്പിക്കണം. ലൈഫ് മിഷന്റെ ഔദ്യോഗിക യു ട്യൂബ് ചാനലായ www.youtube.com/lifemissionkerala യിൽ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണാം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും തങ്ങൾ സംഘടിപ്പിച്ച പൂർത്തീകരണ പ്രഖ്യാപന ചടങ്ങുടെ ഫോട്ടോകളും സൂക്ഷിക്കണം.

     കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ടി. സന്ധ്യാ ദേവി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date