ബാലസൗഹൃദമാകാന്‍ പദ്ധതികളൊരുക്കി കോട്ടയം ജില്ല
ജില്ലയെ ബാല സൗഹൃദമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രോജക്ടുകള്‍ക്ക് ഡിപിസി അംഗീകാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. ബാലസൗഹൃദ തദ്ദേശഭരണം എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണസമിതിയും കിലയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയെ ബാലസൗഹൃദമാക്കാന്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ കുട്ടികളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. കുട്ടികളുടെ ആരോഗ്യവും പോഷണവും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കായിരിക്കും ജില്ലാ പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭകാലം മുതലുളള ആരോഗ്യപരിചരണം, നൂറുശതമാനം മുലയൂട്ടല്‍ നൂറു ശതമാനം പ്രതിരോധ കുത്തിവെയ്പ്, കുട്ടികള്‍ക്ക് ഓരോ പഞ്ചായത്തിലും ആവശ്യത്തിന് നീന്തല്‍കുളം ഉള്‍പ്പടെയുളള ഭൗതികസാഹചര്യങ്ങള്‍ കുട്ടികളുടെ സുരക്ഷിതത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണം. മികച്ച തീരുമാനമെടുക്കാന്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കുന്ന വിധത്തിലാവണം കുട്ടികള്‍ക്കുളള പദ്ധതികള്‍ നടപ്പാക്കേണ്ടത്. കാലഘട്ടത്തിന്റെ പ്രാധാന്യമനുസരിച്ചാവണം കുട്ടികള്‍ക്കായി സൗകര്യപ്രദമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറ്റി റോയ് മണിയങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മായ എ.എസ് നന്ദിയും പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ശശികല നായര്‍, മെമ്പര്‍മാരായ ലിസമ്മ ബേബി, അനിത രാജു, ജയേഷ് മോഹന്‍, കെ കെ രഞ്ജിത്ത്, കെ.രാജേഷ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, എഡിസി (ജനറല്‍) പി.എസ്. ഷിനോ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാലസൗഹൃദം -പ്രസക്തി, പ്രാധാന്യം എന്ന വിഷയത്തില്‍ കില ചൈല്‍ഡ് റിസോഴ്‌സ് സെന്റര്‍ ചെയര്‍മാന്‍ പീറ്റര്‍ എം രാജ് സെമിനാര്‍ നയിച്ചു. കില സി ആര്‍ സി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജീവ് കെ ജി ബാലസൗഹൃദജില്ല-പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കിലയുടെ നിര്‍ദ്ദേശങ്ങള്‍ പ്രോജക്ട് രൂപീകരണത്തില്‍ ആവശ്യമാണെന്നും ജില്ലയിലെ സാഹചര്യങ്ങള്‍ക്കനുസൃതമായ ബാലസൗഹൃദ പ്രോജക്ടുകള്‍ വേണമെന്നും തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അഭിപ്രായപ്പെട്ടു. ബാലസൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ച ഏറ്റുമാനൂര്‍ നഗരസഭയും മുത്തോലി, കുറവിലങ്ങാട്, രാമപുരം ഗ്രാമപഞ്ചായത്തുകളും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
(കെ.ഐ.ഒ.പി.ആര്‍-262/18)
- Log in to post comments