Skip to main content

ജില്ലയിലെ 33 പോലീസ് സ്റ്റേഷനുകളും ബാലസൗഹൃദമാക്കും

 

ജില്ലയിലെ 33 പോലീസ് സ്റ്റേഷനുകളും ബാലസൗഹൃദമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ്. ബാലസൗഹൃദ തദ്ദേശഭരണം എന്ന വിഷയത്തില്‍ ജില്ലാ ആസൂത്രണ സമിതിയും കിലയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരിച്ച ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ബാലസൗഹൃദമാക്കുന്നതിനുളള പദ്ധതികള്‍ക്ക് തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു. സ്റ്റേഷന്‍ പരിസരത്ത് കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന പെയിന്റിങ്ങുകള്‍ ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലെ കൂടുതല്‍ സ്റ്റേഷനുകള്‍ ബാലസൗഹൃദമാക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സ്റ്റേഷനുകളില്‍ പൂന്തോട്ടം ഒരുക്കുന്ന പൂങ്കാവനം പദ്ധതിക്ക് ജില്ലാ പോലീസ് മേധാവിയുടെ  കാര്യാലയത്തില്‍ തുടക്കമിട്ടിരുന്നു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പമാണ് ബാലസൗഹൃദമാക്കാനുളള പദ്ധതികള്‍ക്കും ജില്ലാ പോലീസ് തുടക്കം കുറിക്കുന്നത്.

                                                   (കെ.ഐ.ഒ.പി.ആര്‍-263/18) 

date