ഭാരത സെൻസസ് 2021: ജില്ലാതല പരിശീലനങ്ങൾക്ക് തുടക്കമായി
കാക്കനാട്: ഭാരത സെൻസസ് 2021 ന്റെ ജില്ലാതല പരിശീലനങ്ങൾക്ക് തുടക്കമായി. കളക്ടറേറ്റ് സ്പാർക്ക്ഹാളിൽ നടന്ന പരിശീലന പരിപാടി എ.ഡി.എം. കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സെൻസസ് ചരിത്രത്തിൽ ആദ്യമായി 2021 സെൻസസിൽ വിവരശേഖരണത്തിനായി ഉദ്യോഗസ്ഥർ മൊബൈൽ ആപ്പ് ഉപയോഗിക്കും. കൂടാതെ സെൻസസിന്റെ പ്രവർത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കുവാനായി വെബ് പോർട്ടലും ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഭാരതത്തിലെ സെൻസസ് ചരിത്രത്തിൽ ആദ്യ ഡിജിറ്റൽ സെൻസസ് എന്ന വിശേഷണമാണ് സെൻസസ് 2021ന് നൽകിയിരിക്കുന്നത്.
രാജ്യത്ത് വിവിധ ജനക്ഷേമ, വികസന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന്റെ അടിസ്ഥാനമായ സെൻസസിന്റെ പ്രത്യേകതകളും പ്രാധാന്യവും നടപടി ക്രമങ്ങളും സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ പി. ലക്ഷ്മിക്കുട്ടി വിശദീകരിച്ചു. സെൻസസിനു വേണ്ടി നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാൽ, ജനങ്ങൾ തങ്ങളുടെ വീട് സന്ദർശിക്കുന്ന എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും ശരിയായ വിവരങ്ങൾ നൽകുകയും സെൻസസിനോട് പൂർണ്ണമായും സഹകരിക്കുകയും ചെയ്യണം.
സെൻസസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ്. ഏകദേശം 77,000 സർക്കാർ ഉദ്യോഗസ്ഥരാണ് കേരളത്തിൽ കണക്കെടുപ്പിനായി നിയോഗിക്കപ്പെടുന്നത്. ഈ വർഷം മെയ് ഒന്ന് മുതൽ 30വരെ നടക്കുന്ന ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനോടൊപ്പം ആവാസസ്ഥിതി, പ്രാഥമികസൗകര്യങ്ങളുടെ ലഭ്യത, പാർപ്പിട ദൗർലഭ്യം എന്നിവ വിലയിരുത്തുന്നതിനായി 31 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രുവരിയിൽ ആരംഭിക്കും.
കളക്ടറേറ്റ് സ്പാർക്ക്ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ എറണാകുളം ജില്ലയുടെ സെൻസസ് ചുമതലയുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ കെ. ചിത്ര, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments