പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കാക്കനാട്: അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കനാട് കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ - മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ശാക്തീകരണത്തിന്റെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.ബി.പി.എസിന് ശ്രദ്ധേയമായ സ്ഥാനമുണ്ട്. പുസ്തക പ്രസിദ്ധീകരണം എന്നതിനുമപ്പുറമുള്ള മാനം കൈവരിക്കാന്‍ കഴിഞ്ഞു. ചില ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങള്‍ക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ഇത് കൃത്യസമയത്തിനു മുമ്പേ തന്നെ ലഭിച്ചു തുടങ്ങി. പുസ്തകമില്ല എന്ന രക്ഷിതാക്കളുടെ ആവലാതി മാറ്റിയെടുക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗം വന്‍ മുന്നേറ്റം നേടിയതായി അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇത് രാജ്യം മുഴുവന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നീതി ആയോഗിന്റെ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ 82 പോയിന്റാണ് ലഭിച്ചത്. ഈ വര്‍ഷം അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നതിനു മുമ്പേ തന്നെ പുസ്തകങ്ങള്‍ എത്തിക്കുന്നതിന് കഴിഞ്ഞു. അതിനാല്‍ തടസങ്ങളില്ലാതെ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയും. 2020-21 കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ സുവര്‍ണ വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്തകങ്ങള്‍ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.ബി.പി.എസിന്റെ 40-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തപാല്‍ വകുപ്പ് സെന്‍ട്രല്‍ റീജണല്‍ ഡയറക്ടര്‍ ആര്‍.ജോസഫ്. രാഹുല്‍ പോസ്റ്റല്‍ കവര്‍ ഏറ്റു വാങ്ങി.
ചടങ്ങില്‍ കെ.ബി.പി.എസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ.സൂര്യ തങ്കപ്പന്‍, ജില്ലാ കളക്ടര്‍ എസ്.സുഹാസ് , ഹൈബി ഈഡന്‍ എം.പി, എംഎല്‍എ മാരായ പി.ടി.തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments