പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ
കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വർഷത്തിൻ്റെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പി.എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷൈലജ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ള 2.63 കോടി രൂപയുടെ വികസന ഫണ്ടും 30 ലക്ഷം രൂപയുടെ മെയിൻ്റനൻസ് ഗ്രാൻ്റും ഉൾപ്പെടുത്തിയുള്ള കരട് പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. കഴിഞ്ഞ ആറ് വർഷവും നൂറ് ശതമാനം പദ്ധതി തുകയും ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്താണ് പള്ളുരുത്തി.
ചെല്ലാനം, കണ്ടക്കടവ് പാടശേഖരത്തിൽ പുറം ബണ്ട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ, നല്ലയിനം വിത്തുകൾ ഉല്പാദിപ്പിക്കുന്നതിന് കർഷക ഗ്രൂപ്പുകളുടെ മേൽനോട്ടത്തിൽ സംയുക്ത പ്രൊജക്ടുകൾ ആരംഭിക്കുക, വനിതകൾക്ക് പഞ്ചായത്ത് തോറും തുണിസഞ്ചി നിർമ്മാണ യൂണിറ്റുകൾ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ സിസിടിവി സ്ഥാപിക്കൽ എന്നിവയാണ് മുഖ്യ പദ്ധതികൾ.
കടലോര മേഖല ആയതിനാൽ മത്സ്യബന്ധനത്തിന് വളരെയേറെ പ്രാധാന്യം നൽകിയാണ് പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്. കുമ്പളങ്ങി, ചെല്ലാനം, കുമ്പളം ഗ്രാമ പഞ്ചായത്തുകളിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഉൾനാടൻ മത്സ്യ വള്ളം കരയ്ക്കടുപ്പിക്കൽ കേന്ദ്രം, ഉൾനാടൻ ജലാശയങ്ങളിലെ എക്കൽ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ നീക്കം ചെയ്യൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണം, മത്സ്യത്തൊഴിലാളികളായ വനിതകൾക്ക് മത്സ്യാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം, പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ, കടൽക്ഷോഭം ചെറുക്കുന്നതിന് കടൽത്തീരത്ത് കാറ്റാടി മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക എന്നിവയും കരട് പദ്ധതി രേഖയിൽ ഉൾപ്പെടുന്നു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് ആൻ്റണി കരട് പ്രൊജക്റ്റ് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷ പ്രദീപ്, പുഷ്പി പൊന്നൻ, അംഗങ്ങളായ ലിസി നെൽസൺ, നെൽസൺ കോച്ചേരി, ലീല പത്മദാസൻ, സൗമ്യ സുബിൻ എടേഴത്ത്, ജോസഫ് പി എക്സ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments