Skip to main content

രക്ഷ സൊസൈറ്റിയിലെ പഠിതാക്കള്‍ പെരിയ മഹാത്മ  ബഡ്‌സ് സ്‌കൂള്‍  സന്ദര്‍ശിക്കും

    ശാരീരിക മാനസ്സിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച കൊച്ചിയിലെ രക്ഷ സൊസൈറ്റിയിലെ പഠിതാക്കള്‍ നാളെ (9) പെരിയയിലെ മഹാത്മ ബഡ്‌സ് സ്‌കൂള്‍ കുട്ടികളെ സന്ദര്‍ശിക്കുന്നു.ശാരീരിക മാനസ്സിക വെല്ലുവിളി നേരിടുന്ന കുട്ടികളെയും മുതിര്‍ന്നവരെയും സാമൂഹികാന്തരീക്ഷത്തില്‍ എങ്ങനെ ജീവിക്കാന്‍ പ്രാപ്തരാക്കാം എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഒരു പരിശീലന പരിപാടിയുടെ ഭാഗമായാണ്  സംഘത്തിന്റെ സന്ദര്‍ശനം. മാനസ്സികവും ബുദ്ധിപരവുമായ വളര്‍ച്ച കുറവ്,സെറിബ്രല്‍ പാഴ്‌സി,ഓട്ടിസം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നതിനോടൊപ്പം ഇത്തരം വൈകല്യമുള്ളവര്‍ക്ക് ആവശ്യമായ സേവനങ്ങളും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രക്ഷ.
പഠനപദ്ധതിയുടെ ഭാഗമായിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പുനരധിവാസ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന യാത്രയുടെ ഭാഗമായിട്ടാണ് 15 വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം  പെരിയയിലും എത്തുന്നത്.
കാസര്‍കോട് ജില്ലാ ഭരണ കൂടത്തിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ എഡിഎം എന്‍. ദേവീദാസ്,  കാഞ്ഞങ്ങാട് ആര്‍ഡിഒ:  സി. ബിജു, ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ആന്റ്  റെമെഡിയല്‍ സെല്‍)  വി.പി അബ്ദുറഹിമാന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് പരീത് തുടങ്ങിയവര്‍ സംഘത്തോടൊപ്പം  സ്‌കൂള്‍ സന്ദര്‍ശിക്കും.  ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കായി വിവിധതരം പരിശീലന- കലാപരിപാടികള്‍ സംഘം അവതരിപ്പിക്കും. തുടര്‍ന്നു  സംഘം ജില്ലാ കലക്ടര്‍  ജീവന്‍ബാബുവുമായി സംവദിക്കും.
 

date