Skip to main content

'വീട്ടിലൊരു കുടുംബശ്രീ ഉല്പന്നം' ക്യാമ്പയിനുമായി കുടുംബശ്രീ സംരംഭകരുടെ വിജയകഥകള്‍ പങ്കുവെച്ച് 'ഷീ  ടോക്ക്'

'വീട്ടില്‍ ഒരു കുടുംബശ്രീ ഉല്പന്നം' ക്യാമ്പയിനുമായി ജില്ല കുടുംബശ്രീ മിഷന്‍. ഉപജീവന വര്‍ഷാചരണത്തിന്റെ ഭാഗമായി സംരംഭക വികസനവും പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് അഞ്ച് ലക്ഷത്തോളം വീടുകളിലേക്ക് ഗുണമേ•യുള്ള തനത്  വിഭവങ്ങളുമായി കുടുംബശ്രീ നേരിട്ട് എത്തുന്നത്. മാര്‍ച്ച് 16 വരെയാണ് ക്യാമ്പയിന്‍.
ഇതിന്റെ മുന്നോടിയായി മികച്ച കുടുംബശ്രീ സംരംഭകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച 'ഷീ ടോക്ക്' കലക്‌ട്രേറ്റില്‍ നടന്നു. സംരംഭകത്വ മേഖലയില്‍ നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെ ചങ്കുറപ്പോടെ തരണം ചെയ്ത ജില്ലയിലെ മികച്ച വനിത സംരംഭകരായ മെഹ്‌റുനിസയുടെയും ലേഖയുടെയുമൊക്കെ വാക്കുകള്‍  പൊരുതി നേടിയ ആത്മവിശ്വാസത്തിന്റേതായിരുന്നു.  പുതുസംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ നാന്ദി ഫൗണ്ടേഷനിലെ വിദഗ്ധര്‍ നയിച്ച ക്ലാസുകളും നടന്നു. പുതിയ പദ്ധതികളുടെ അവതരണം, ധനസഹായ സാധ്യതകള്‍, സംശയ നിവാരണം എന്നിവയിലൂടെ ഷീ ടോക്ക് ശ്രദ്ധേയമായി.
കലക്‌ട്രേറ്റിലെ ആത്മ ഹാളില്‍ ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ് വനിതാ സംരംഭകര്‍ക്ക് നല്‍കി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, എ ഡി എം സി മാരായ വി ആര്‍ അജു, ജി  അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date