Skip to main content

കോവിഡ്-19: ജില്ലയിലെ ആരോഗ്യരംഗം സുരക്ഷിതം

കളമശ്ശേരി: എറണാകുളം ജില്ലയില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗബാധയുമായി ബന്ധപ്പെട്ട്  ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ച കളക്ടര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍  പൊതുഇടങ്ങളില്‍ നിന്നും മാറി നില്‍ക്കണം. കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ മാത്രം നിലവില്‍ ശരീരസ്രവ  പരിശോധനയ്ക്ക് വിധേയരാകേണ്ടതുള്ളൂ. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസംവരെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ തന്നെ തുടരണം. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന മതപരമായ ചടങ്ങളുകളില്‍ നിന്നും സ്വാകര്യ ചടങ്ങുകളില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാറിനില്‍ക്കണം.

ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. രോഗബാധ രൂക്ഷമായ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശ്ശിക്കാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍  വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണം. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പരത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.

രോഗബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനിലില്‍ 12 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍ ആരോഗ്യവകുപ്പിന്റെ അഞ്ച് കൗണ്ടറുകളും സജ്ജമാണ്. വടക്കേ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് അതാത് ആശുപത്രികള്‍ ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഐസോലേഷന്‍ സൗകര്യമില്ലാത്ത സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന്റെ സഹായം തേടണം. സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ശരീരസ്രവങ്ങള്‍ ശേഖരിക്കാനും പരിശോധനാ ഫലം എത്തിക്കുവാനുമുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കും. 

നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില ദിവസവും ആരോഗ്യവകുപ്പിനെ അറിയിക്കണം.     മുഖാവരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അനുബന്ധ സാധനങ്ങൾക്കും  അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനാവശ്യമായ ആശുപത്രി സന്ദര്‍ശ്ശനം പൊതുജനങ്ങള്‍ ഒഴിവാക്കണം. മാളുകള്‍, തീയേറ്ററുകള്‍ എന്നിവ സന്ദര്‍ശ്ശിക്കുന്നത് ഈ ദിവസങ്ങളില്‍ ജനങ്ങള്‍ കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.     രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടെയുള്ള മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചിട്ടില്ല. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 13 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഹൈബി ഈഡന്‍ എം.പി, കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. തോമസ് മാത്യു, ഐസൊലേഷന്‍ വാര്‍ഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം. എ കുട്ടപ്പന്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, റെയില്‍വേ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date