നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം
നഗരങ്ങള്‍ക്ക് സമാനമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക, സാമൂഹിക വികസനവും ഗ്രാമങ്ങള്‍ക്ക് പ്രാപ്തമാക്കുന്ന നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി. തൃക്കോവില്‍വട്ടം, നെടുമ്പന ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച മുഖത്തല ക്ലസ്റ്ററിലെ തലച്ചിറ മിനി ഡാം നവീകരണത്തിന് തുടക്കമിട്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
തലച്ചിറയുടെ നവീകരണത്തോടെ തൃക്കോവില്‍വട്ടത്തെ ജലസമൃദ്ധിയിലേക്ക് തിരികെയെത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ചിറയുടെ ആഴം കൂട്ടി സംഭരണ ശേഷി വര്‍ധിപ്പിക്കും. പ്രദേശത്തെ ഏലാകളില്‍ ആവശ്യാനുസരണം ജലമെത്തുന്നതോടെ ഇരുപ്പൂ നെല്‍കൃഷി വീണ്ടെടുക്കാന്‍ കഴിയും. കുടിവെള്ളത്തിന്റെ പ്രശ്‌നവും ഇതോടെ പരിഹരിക്കാനാകും. തലച്ചിറയിലെ താമസക്കാരില്‍ അര്‍ഹരായവര്‍ക്ക് വീട് നല്‍കുന്നതിന് പ്രത്യേക ഭവന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതായി മന്ത്രി അറിയിച്ചു.
സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, വിവിധ വകുപ്പുകളുടെ ഫണ്ട്, തദ്ദേശ സഥാപനങ്ങളുടെ ഫണ്ട്, ബാങ്ക് വായ്പ എന്നിവ ചേര്‍ത്ത് 88.46 കോടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന 30 കോടി സി ജി എഫ് ഫണ്ടും ഉള്‍പ്പെടുത്തിയാണ് 118.46 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്റെ അംഗീകാരം ലഭിച്ചത്.
ചേരീക്കോണം തലച്ചിറ കോളനിയില്‍ നടന്ന ചടങ്ങില്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന അധ്യക്ഷയായി. പ്രോജക്ട് ഡയറക്ടര്‍ ടി കെ സയൂജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷേര്‍ളി സത്യദേവന്‍, സി പി പ്രദീപ്, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളായ എല്‍ ജലജകുമാരി, എല്‍ അനിത, ജോര്‍ജ് മാത്യു, സുനിത് ദാസ്, ലാല ആറാട്ടുവിള, എം ഷൈലജ, സംഘാടക സമിതി ചെയര്‍മാന്‍ എ സുക, കില റീജണല്‍ ഡയറക്ടര്‍ ഡി സുധ, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി സുനില്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments