കൊറോണ - രോഗ നിരീക്ഷണം ഇനി മുതൽ കാറ്റഗറി തിരിച്ച് മാത്രം
കാക്കനാട്: കോവിഡ്- 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി A, B, C എന്നിങ്ങനെ മൂന്ന് കാറ്റഗറികൾ ആക്കി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തും. ഇവർ സ്വന്തം വീടുകളിൽ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കടുത്ത പനി, തൊണ്ടവേദന ഉളളവരെയും, ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗർഭിണികൾ, 60 വയസ്സിനു മേൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ ഉളളവരേയും കാറ്റഗറി ബി യിൽ ഉൾപ്പെടുത്തും. ഇവർ ദിശയുമായോ, കൺട്രോൾ റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്നും നിർദേശിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടണം. കാറ്റഗറി A യിൽ പ്പെട്ടവർക്ക് അസുഖങ്ങൾ കൂടിയാൽ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നൽകും. കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ശ്വാസം മുട്ട്, മറ്റു ഗുരുതര രോഗ ലക്ഷണങ്ങൾ, തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യിൽ ഉൾപ്പെടുത്തി ഹോസ്പിറ്റൽ ഐസോലേഷൻ മുറിയിൽ ചികിത്സ ചെയ്യും.
റെയിൽവേ സ്റ്റേഷനുകളിൽ വരുന്ന യാത്രികരെ ബോധവൽക്കരിക്കുന്നതിന് എറണാകുളം നോർത്ത്, സൗത്ത്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങി. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് കുടുംബശ്രീ പ്രവർത്തകർ വഴി ഭക്ഷണം എത്തിക്കാനുള്ള നിർദ്ദേശങ്ങളും നൽകി. ഇന്നലെ ഇറ്റലിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ എത്തിയ യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിനായി നിർദ്ദേശിച്ചു. സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് വിട്ടയച്ചത്.
- Log in to post comments