കോവിഡ് 19; പ്രതിരോധ പ്രവർത്തനങ്ങളുമായി ചാവക്കാട് നഗരസഭ
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം ചേർന്നു. നഗരസഭ അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം ചാവക്കാട് നഗരസഭാ അധ്യക്ഷൻ എൻ. കെ. അക്ബറിന്റെ അധ്യക്ഷതയിലാണ് ചേർന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ വീഴ്ചയില്ലാതെ നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ യോഗത്തിൽ തീരുമാനിച്ചു.
നഗരസഭയിലെ മുഴുവൻ വീടുകളിലും കൊറോണ വൈറസിനെതിരായ പ്രതിരോധമാർഗ്ഗങ്ങളെ സംബന്ധിച്ചുളള ബോധവത്കരണം നടത്തുന്നതിന് ലഘുലേഖകൾ വിതരണം ചെയ്യും. മുനിസിപ്പൽ കോർണർ, ബസ്സ് സ്റ്റാൻഡ്, ബ്ലാങ്ങാട് ബീച്ച് തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ കൈകൾ അണു വിമുക്തമാക്കുന്നതിനായി ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കും. കൂടാതെ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർക്ക് 28 ദിവസവും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തിയവർക്ക് 14 ദിവസവും വീട്ടിൽ തന്നെ താമസം ഏർപ്പെടുത്തേണ്ടതിന്റെ (ക്വാറന്റയിൻ) ആവശ്യകത ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് സന്നദ്ധ പ്രവർത്തകരെ നിയമിച്ചു. രോഗം പകരുന്നത് തടയുന്നതിനായി ഉത്സവം, വിവാഹം പോലുള്ള ആഘോഷപരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ ലളിതമാക്കി നടത്തുന്നതിന് ബന്ധപ്പെട്ട കമ്മിറ്റികളും ആളുകളുമായും കൂടിയാലോചിക്കും.
റിസോർട്ടുകളിൽ താമസിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കും. പ്രതിരോധത്തിന്റെ ഭാഗമായി ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, ചുമയ്ക്കുമ്പോൾ മുഖം ടവൽ കൊണ്ട് മൂടുക തുടങ്ങിയ ശീലങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്നും ഇതിനായി നാട്ടുകാർ സഹകരിക്കണമെന്നും യോഗം നിർദേശിച്ചു.
രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും സഹായത്തിനും ചാവക്കാട് താലൂക്ക് ആശുപത്രി - 0487 2507310, 9895424187 നമ്പറുകളുമായി ബന്ധപ്പെടുക. ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുമാർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പോൾ തോമസ് എന്നിവർ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.
- Log in to post comments