ചാവക്കാടിനെ സമ്പൂർണ്ണ പാർപ്പിട ബ്ലോക്ക് പഞ്ചായത്താക്കും
ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാർഷിക ബജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിടം, കൃഷി, സമഗ്ര വികസനം, ശുചിത്വം, മാലിന്യ സംസ്‌ക്കരണം എന്നീ പദ്ധതികൾക്കാണ് മുൻഗണന. ഭവന നിർമ്മാണത്തിന് ഊന്നൽ നൽകി സമ്പൂർണ്ണ പാർപ്പിട ബ്ലോക്ക് പഞ്ചായത്താക്കി ഉയർത്തുന്നതിന് ബജറ്റിൽ പ്രത്യേകം ശ്രദ്ധ നൽകിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലെ കൃഷിഭൂമി പൂർണമായി ഉപയുക്തമാക്കുക വഴി പച്ചക്കറി മേഖലയിൽ സ്വയം പര്യാപ്തമാകാനും ബജറ്റ് ലക്ഷ്യമിടുന്നു. വനിതാ ശിശുവികസനം, ഭിന്നശേഷി, വൃദ്ധർ എന്നിവർക്കുള്ള പ്രോജക്ടുകൾക്കും പണം വകയിരുത്തി. മണ്ണ് സംരക്ഷണം, കന്നുകാലി, കോൾമേഖല എന്നിവയ്ക്ക് പ്രോത്സാഹനം നൽകും. കുടുംബശ്രീ, കർഷക സംഘങ്ങൾ പോലുള്ളവയ്ക്ക് യന്ത്രങ്ങൾ വിതരണം ചെയ്യാനും തീരുമാനമായി. സേവനമേഖലയിൽ ലൈഫ് മിഷൻ, യുവജനക്ഷേമത്തിന് കേരളോത്സവം, വയോജനം തുടങ്ങി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന പദ്ധതികൾ മുഖേന നടത്തി വരുന്ന വിവിധ പദ്ധതികൾക്കുള്ള വിഹിതം ബജറ്റിൽ അവതരിപ്പിച്ചു.
23,44,22,145 രൂപയുടെ വരവും 22,60,05,200 രൂപയുടെ ചെലവും 84,16,945 രൂപയുടെ മിച്ചവും പ്രതീക്ഷിച്ചാണ് ഈ വർഷത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. നടപ്പ് വർഷത്തെ വികസന പദ്ധതികൾക്ക് ആവശ്യമായ പ്രതീക്ഷിത വരവ് ചെലവ് ഇനങ്ങളുടെ വിവരങ്ങൾ ഭരണസഭയ്ക്ക് മുൻപാകെ ചർച്ചയ്ക്ക് വെച്ചു. തുടർന്ന് അംഗങ്ങളുടെ അഭിപ്രായം ഭേദഗതിയോടെ അംഗീകരിക്കുകയും ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്താഖ് അലി, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments